മമതയ്ക്ക് കോൺഗ്രസിലേയ്ക്ക് ക്ഷണം: ഒരു നിബന്ധന പാലിക്കണമെന്ന് അധീർ രഞ്ജൻ ചൗധരി

മമത ബാനർജി 'അധികഭാരം' ഒഴിവാക്കി കോൺഗ്രസിൽ ചേരണമെന്ന നിബന്ധനയും അധീർ രഞ്ജൻ ചൗധരി മുന്നോട്ടുവെച്ചു

മമതയ്ക്ക് കോൺഗ്രസിലേയ്ക്ക് ക്ഷണം: ഒരു നിബന്ധന പാലിക്കണമെന്ന് അധീർ രഞ്ജൻ ചൗധരി
dot image

കൊൽക്കത്ത: പഴയ തർക്കങ്ങൾ മറന്ന് കോൺഗ്രസിലേക്ക് മടങ്ങിയെത്താൻ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. മമത കോൺഗ്രസിൽ ചേർന്നാൽ ബംഗാളിൽ പാർട്ടിയെ നയിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ മമതാ ബാനർജിയുടെ അധികാരഭാരം ഒഴിവാക്കിയിട്ട് വേണം വരാനെന്ന നിബന്ധനയും അധീർ രഞ്ജൻ ചൗധരി മുന്നോട്ട് വെച്ചിട്ടുണ്ട്. അഭിഷേക് ബാനർജിയെ ഉദ്ദേശിച്ചാണ് അധികാരഭാ​രം എന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞെതെന്നും വിലയിരുത്തലുകളുണ്ട്.

'മമത ബാനർജിയ്ക്ക് ഒരു ഉപദേശം നൽകാനുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡിനോടും എനിക്ക് ചോദിക്കാനുണ്ട്. എന്തുകൊണ്ട് മമത ബാനർജി കോൺഗ്രസിൽ ചേരുന്നില്ല? സ്വന്തം പാർട്ടിയിലെ എംപിമാരും എംഎൽഎമാരുമൊത്ത് അവർക്ക് കോൺഗ്രസിൽ ചേരാമല്ലോ?' എന്നായിരുന്നു വാർത്താസമ്മേളനത്തിൽ അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചത്. മമത ബാനർജി കോൺഗ്രസിന്റെ സംഭാവനയാണ്. അവർ പുറത്തുനിന്ന് വന്നയാളല്ല. കോൺഗ്രസിലൂടെയാണ് മമത വളർന്നത്. അങ്ങനെയെങ്കിൽ കോൺഗ്രസിൽ ചേരുന്നതിൽ എന്താണ് പ്രശ്നം? എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, കോൺഗ്രസിൽ ചേരുന്നതിന് മമത ഒരു നിബന്ധന പാലിക്കണമെന്നും അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാണിച്ചു. മമത ബാനർജിയുടെ അധികഭാരമെന്താണെന്ന് അറിയാമോ? ആ ഭാരം ഒഴിവാക്കിയശേഷം അവർ നേരിട്ട് കോൺഗ്രസിൽ ചേരണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

കോൺഗ്രസ് എന്നും മമതയെ പിന്തുണച്ചിട്ടുണ്ടെന്നും അധീർ രഞ്ജൻ ചൗധരി അവകാശപ്പെട്ടു. 2001, 2009, 2010, 2011 വർഷങ്ങളിലെ രാഷ്ട്രീയ സംഭവങ്ങൾ പരിശോധിച്ചാൽ കോൺഗ്രസ് മമത ബാനർജിയെ പിന്തുണച്ചിട്ടുണ്ടെന്ന് വ്യക്തമാകും. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2011-ലും കോൺഗ്രസ് അവർക്കൊപ്പം നിന്നു എന്നായിരുന്നു അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാണിച്ചത്. മമത ബാനർജി അപകടത്തിലാണെന്ന് തോന്നുന്നവർ ആദ്യം സമീപിക്കുന്നത് സോണിയ ഗാന്ധിയെയാണ്. കോൺഗ്രസ് എന്നും മമതയെ സഹായിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോൺഗ്രസ് ഒരിക്കലും മമതയെ എതിർത്തിട്ടില്ലെന്നും മറിച്ച് മമതയാണ് കോൺഗ്രസിനെ എതിർത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നന്ദിഗ്രാമിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് മമത ബാനർജിയുടെ വിഭാഗം പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൗധരിയുടെ ഈ ക്ഷണം എന്നതാണ് ശ്രദ്ധേയം.

കോൺഗ്രസ് ഔദ്യോഗികമായി നിർദേശം മുന്നോട്ടുവച്ചാൽ മാത്രമേ ഇക്കാര്യം പരിഗണിക്കുകയുള്ളൂവെന്നായിരുന്നു മമതയുടെ വിശ്വസ്തനായ സൗഗത റോയ് എം പി ഇതിനോട് പ്രതികരിച്ചത്. ചൗധരി അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ഞങ്ങൾക്ക് ഇതിൽ ഒന്നും പറയാനില്ല. തൃണമൂൽ ഇപ്പോൾ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയാണ്. കോൺഗ്രസ് ഔദ്യോഗികമായി ഒരു നിർദേശം മുന്നോട്ടുവച്ചാൽ പാർട്ടിയിൽ ചർച്ച ചെയ്യും. തൃണമൂൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് എന്നായിരുന്നു സൗഗത റോയ് എം പിയുടെ അഭിപ്രായം.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയതിന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തിയത് അധീർ രഞ്ജൻ ചൗധരിയെയായിരുന്നു. മമത ബാനർജിക്കെതിരെ അദ്ദേഹം നിരന്തരം നടത്തിയ വാക്‌പോരുകളായിരുന്നു അന്ന് ഇരുപാർട്ടികൾക്കുമിടയിലെ ഭിന്നതയ്ക്ക് പ്രധാന കാരണം. എന്നാൽ രണ്ട് വർഷത്തിനിപ്പുറം പഴയ തർക്കങ്ങൾ മറന്നാണ് അധീ‍ർ രഞ്ജൻ ചൗധരി മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

1970-കളിൽ കോൺഗ്രസ് നേതാവായാണ് മമത ബാനർജി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1998-ൽ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു. 2011-ൽ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച തൃണമൂൽ പിന്നീട് പശ്ചിമ ബംഗാളിൽ തുടർച്ചയായി 15 വർഷം അധികാരത്തിലിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി തൃണമൂലിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ തൃണമൂൽ കോൺ​ഗ്രസിലെ വലിയൊരു വിഭാ​ഗം എംഎൽഎമാരും എം പിമാരും പാർട്ടി വിടുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ രണ്ടരപതിറ്റാണ്ടിലേറെയായി പശ്ചിമബം​ഗാളിൽ നിർണ്ണായക രാഷ്ട്രീയ ശക്തിയായിരുന്ന തൃണമൂൽ കോൺ​ഗ്രസ് ക്ഷയിക്കാൻ തുടങ്ങിയത്.

Content Highlights: Adhir Ranjan Chowdhury has invited Mamata Banerjee to join the Congress, while setting a condition for her return to the party

dot image
To advertise here,contact us
dot image