

ലഖ്‌നൗ: ബിജെപി സംസ്ഥാനത്ത് മൂന്നാം തവണയും അധികാരത്തില്‍ എത്താന്‍ പാടില്ലെന്നും അതിനായി തന്റെ പാര്‍ട്ടി സഖ്യകക്ഷികള്‍ക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. തങ്ങള്‍ വര്‍ധിത വീര്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അന്തിമ തീരുമാനമായാന്‍ സഖ്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ എഐഎംഐഎമ്മിൻ്റെ അനുഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ 2022 ജൂണില്‍ പാര്‍ട്ടിയിലെ അഞ്ച് എംഎല്‍എമാരില്‍ നാലുപേരും ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ഈ നീക്കം ബിഹാര്‍ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന സ്ഥാനം തിരിച്ചുപിടിക്കാന്‍ ആര്‍ജെഡിയെ സഹായിച്ചു.
ബിഹാറില്‍ തങ്ങള്‍ ആറ് സീറ്റുകള്‍ മാത്രമാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നതെന്ന് ഒവൈസി പറഞ്ഞു. മറ്റ് പാര്‍ട്ടികളുമായി ബന്ധപ്പെട്ട സമാനമായ സംഭവങ്ങള്‍ക്ക് ലഭിച്ച രാഷ്ട്രീയ ശ്രദ്ധ തങ്ങളുടെ കാര്യത്തില്‍ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത വര്‍ഷമാണ് ഉത്തര്‍ പ്രദേശിലെ 403 നിയമസാഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് കാരണം എഐഎംഐഎം മത്സരരംഗത്തുണ്ടായിരുന്നതാണെന്നും വോട്ട് തട്ടിപ്പ് നടന്നു എന്നും ആരോപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഒവൈസി വിമര്‍ശിച്ചു. തങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് പ്രതിപക്ഷം ഒരിക്കല്‍ പറഞ്ഞു. എന്നാല്‍ ചിലപ്പോള്‍ വോട്ട് തട്ടിപ്പ് മൂലമാണ് പരാജയപ്പെട്ടതെന്നും അവര്‍ പറയുന്നു. ഇത് എങ്ങനെയാണ് സാധ്യമാകുക? അവര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്നാണ് ഒവൈസി ആവശ്യപ്പെട്ടത്.
ഹിന്ദു നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് യുസിസി (ഏകീകൃത സിവില്‍ കോഡ്) ലക്ഷ്യമിടുന്നതെന്ന് ഒവൈസി വിമര്‍ശിച്ചു. ചില സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ വിമര്‍ശിച്ച ഒവൈസി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് ഈ നീക്കമെന്നും ആരോപിച്ചു. ഉത്തരാഖണ്ഡ്, അസം, ഗുജറാത്ത് എന്നിവിടങ്ങളിലെ യുസിസി നിയമങ്ങള്‍ ഹിന്ദു വിവാഹ നിയമത്തിന്റെയും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെയും 'കട്ട് ആന്‍ഡ് പേസ്റ്റ്' (പകര്‍ത്തിയെഴുത്ത്) മാത്രമാണ്. അവ മുസ്‌ലീങ്ങള്‍ക്ക് എങ്ങനെ ബാധകമാകുമെന്നും അദ്ദേഹം ചോദിച്ചു. മതപരവും സാമൂഹികവുമായ ആചാരങ്ങളിലെ വ്യത്യാസങ്ങള്‍ കാരണം ഉത്തരാഖണ്ഡിലെയും ഗുജറാത്തിലെയും യുസിസിയില്‍ നിന്ന് ആദിവാസികളെ ഒഴിവാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ഒവൈസി മുസ്‌ലീങ്ങളും സമാനമായ പ്രശ്‌നം നേരിടുന്നുണ്ടെന്ന് വിശദീകരിച്ചു.
ഏകീകൃത സിവില്‍ കോഡ് വ്യവസ്ഥകള്‍ സ്വത്തവകാശത്തെയും അനന്തരാവകാശ ക്രമീകരണങ്ങളെയും ബാധിച്ചേക്കാം. ഈ നീക്കം ഭരണഘടനയുടെ 25, 26, 29 അനുച്ഛേദങ്ങളുടെ ലംഘനമാണ്. സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യമായ വിഹിതം ലഭിക്കണമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ യുസിസി നടപ്പിലാക്കിയ അസം, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍, മൂന്ന് ആണ്‍മക്കളുള്ള ഒരാള്‍ക്ക് തന്റെ സ്വത്ത് അതില്‍ ഒരാള്‍ക്ക് മാത്രമായി നല്‍കാന്‍ വില്‍പത്രം വഴിയുള്ള അധികാരം സഹായിക്കുന്നുണ്ടെന്നും ഒവൈസി ചൂണ്ടിക്കാട്ടി.
Content Highlights: AIMIM leader Asaduddin Owaisi said his party is open to alliances and that discussions are underway before a final decision is announced. He said his party is moving ahead with renewed efforts and referred to AIMIM’s experience in Bihar, where four of its five MLAs joined the RJD in June 2022, helping the RJD regain the position of the single largest party in the state Assembly.