

ടെല്‍ അവീവ്: ബിസിനസ് മാനേജ്‌മെന്റ് പഠിച്ച് ബിസിനസ് കെട്ടിപ്പടുക്കാനാഗ്രഹിച്ച മുംബൈ സ്വദേശിയായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് പൈലറ്റാകുക എന്നത് ഒരു സ്വപ്നമേ അല്ലായിരുന്നു. എന്നാല്‍, കുടുംബത്തിന്റെ ടെക്‌സ്‌റ്റൈല്‍ ബിസിനസുമായി ബന്ധപ്പെട്ട് കരിയര്‍ കെട്ടിപ്പടുക്കാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. പഠനകാലത്ത് തീര്‍ത്തും അപ്രതീക്ഷിതമായാണ് വ്യോമയാന മേഖലയിലേക്ക് എത്തുന്നത്. ആ വഴിത്തിരിവ് പിന്നീട് മുംബൈയില്‍ നിന്ന് ന്യൂസിലന്‍ഡിലേക്കും തുടര്‍ന്ന് സ്‌പൈസ്ജെറ്റിലേക്കും ഫ്ലൈദുബായിലേക്കും അദ്ദേഹത്തെ എത്തിച്ചു. ഒടുവിലത് എത്തിയത് ഫ്ലൈദുബായ് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെയും ജീവന്‍ സംരക്ഷിക്കാനുള്ള ദൗത്യത്തിലാണ്. ഇന്നലെയാണ് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈദുബായ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും മനസാന്നിധ്യം കൈവിടാതെ പൈലറ്റ് സ്മിത് മച്ചാര്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയത്.
ഏകദേശം 9,750 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള മച്ചാര്‍ ഒരു ദശാബ്ദത്തിലേറെയായി വാണിജ്യ വിമാന സര്‍വീസില്‍ പൈലറ്റായി ജോലി ചെയ്യുകയാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കുടുംബത്തിന്റെ ടെക്‌സ്‌റ്റൈല്‍ ബിസിനസ് തുടരുക എന്ന ലക്ഷ്യത്തോടെയാണ് മച്ചാര്‍ ടെക്‌സ്‌റ്റൈല്‍ എന്‍ജിനീയറിങ് കോഴ്‌സില്‍ ചേര്‍ന്നത്. 2025ല്‍ യൂട്യൂബര്‍ സലക് മേത്തയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിന്നീട് മുംബൈയിലെ വെലിങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ മാനേജ്‌മെന്റ് പഠനം നടത്തി. 2007 ജൂണ്‍ മുതല്‍ 2008 ഏപ്രില്‍ വരെ വെലിങ്കറില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയതായി അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയാണ് അദ്ദേഹത്തിന്റെ കരിയറില്‍ അപ്രതീക്ഷിത മാറ്റമുണ്ടായത്. മാനേജ്‌മെന്റ് പഠനത്തിനിടെ ഒരു വ്യോമയാന സെമിനാറില്‍ പങ്കെടുത്തതാണ് മച്ചാറിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അന്ന് അദ്ദേഹത്തിന് ഏകദേശം 19 വയസായിരുന്നു. ആ സെമിനാറിലൂടെയാണ് വിമാനം പറപ്പിക്കാൻ താല്‍പര്യം തോന്നിയത്. പൈലറ്റാകാനുള്ള തീരുമാനത്തില്‍ അമ്മയ്ക്ക് ആദ്യം ആശങ്കയുണ്ടായിരുന്നെന്നും അഭിമുഖത്തില്‍ അദ്ദേഹം ഓര്‍ത്തെടുത്തു.

വ്യോമയാന മേഖല തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ മച്ചാര്‍ പരിശീലനത്തിനായി ന്യൂസിലന്‍ഡിലേക്ക് പോയി. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സ്‌പൈസ്ജെറ്റില്‍ ചേര്‍ന്നു. പൈലറ്റ് പരിശീലനത്തിന് ശേഷം ബോയിങ് 737 വിമാനങ്ങള്‍ പറത്താന്‍ തുടങ്ങി. പിന്നീട് അദ്ദേഹത്തിന്റെ വാണിജ്യ വ്യോമയാന കരിയറിലെ പ്രധാന വിമാനമായി ബോയിങ് 737 മാറി. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു താൻ ആദ്യമായി വാണിജ്യ വിമാനം പറത്തിയത് എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.
ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം 2011 ജൂണിലാണ് മച്ചാര്‍ സ്‌പൈസ്ജെറ്റില്‍ ചേര്‍ന്നത്. 11 വര്‍ഷത്തിലേറെ അവിടെ ജോലി ചെയ്ത അദ്ദേഹം സീനിയര്‍ കമാന്‍ഡറായും പിന്നീട് ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും ഉയര്‍ന്നു. 2020 നവംബറില്‍ സ്‌പൈസ്ജെറ്റില്‍ ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായി ചുമതലയേറ്റതായി പ്രൊഫൈലില്‍ പറയുന്നു. മറ്റ് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതായിരുന്നു ഈ ചുമതല. ബോയിങ് 737-800, 737 മാക്‌സ് 8, മാക്‌സ് 9 എന്നിവ ഉള്‍പ്പെടെയുള്ള വിമാനങ്ങളില്‍ അദ്ദേഹത്തിന് ഏകദേശം 9,750 മണിക്കൂര്‍ പറക്കല്‍ പരിചയമാണുള്ളത്.
ഇന്നലെയാണ് ആ വര്‍ഷങ്ങളായുള്ള പറക്കലിന് നിര്‍ണായക പരീക്ഷണം നേരിട്ടത്. 174 യാത്രക്കാരുമായി ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന FZ1073 ബോയിങ് 737 MAX 8 വിമാനത്തിന്റെ കമാന്‍ഡറായിരുന്നു മച്ചാര്‍. യാത്രക്കാരില്‍ 27 കുട്ടികളും ഉണ്ടായിരുന്നു. സഹപൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിനിടെ മച്ചാറിനെ കുത്തിയതായാണ് റിപ്പോര്‍ട്ട്. ഒമാന്‍ സ്വദേശിയാണ് സഹപൈലറ്റെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ഉയരത്തില്‍ 30 സെക്കന്‍ഡിനുള്ളില്‍ ഏകദേശം 14,000 അടി താഴേക്ക് പോയതായും 7700, 7500 എന്നീ എമര്‍ജന്‍സി സ്‌ക്വോക്ക് കോഡുകള്‍ ഉപയോഗിച്ചതായും ഫ്ലൈറ്റ് ഡാറ്റ വ്യക്തമാക്കുന്നു.
ഗുരുതരമായി പരിക്കേറ്റിട്ടും മച്ചാറിന് കോക്പിറ്റ് വാതില്‍ തുറക്കാന്‍ സാധിച്ചതോടെ മറ്റ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും സഹപൈലറ്റിനെ കീഴടക്കാന്‍ കഴിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഡ്യൂട്ടിയിലില്ലാത്ത രണ്ട് ഫ്ലൈദുബായ് പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുത്തതോടെ വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഉടനെ മച്ചാറിന് ശസ്ത്രക്രിയ നടത്തിയതായും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Captain Smit Machchhar, who transitioned from textile engineering and management to aviation, safely helped land a flydubai flight in Tabuk after a cockpit incident left him injured