

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ വിജയത്തിന് പിന്നാലെ നിരവധി റെക്കോര്‍ഡുകള്‍ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ പുരുഷ ടീം. പുരുഷ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ 100 റണ്‍സിനോ അതിലധികമോ വ്യത്യാസത്തില്‍ നേടുന്ന ലോക റെക്കോര്‍ഡിലെ 11-ാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇഷാന്‍ കിഷന്റെ നിര്‍ണായകമായ 80 റണ്‍സ് ഇന്നിംഗ്‌സിന് ശേഷം, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അഭിഷേക് ശര്‍മ്മ എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് വെല്ലുവിളി നിറഞ്ഞ പിച്ചില്‍ ഇന്ത്യ ഉയര്‍ത്തിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ സഹായിച്ചത്. ശ്രീലങ്കയെ വെറും 45 റണ്‍സിന് ഇന്ത്യ പുറത്താക്കി.
ഒരു പുരുഷ ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമിഫൈനലിലോ ഫൈനലിലോ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന വിജയ മാര്‍ജിനാണ് 124 റണ്‍സ്. അഹമ്മദാബാദില്‍ നടന്ന 2026 ഐസിസി ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ 96 റണ്‍സിന് ജയിച്ച ഇന്ത്യയുടെ തന്നെ സ്വന്തം റെക്കോര്‍ഡാണ് ഇതിലൂടെ തകര്‍ത്തത്.
ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളില്‍ ട്വന്റി20യില്‍ ഒരു ടീം ഓള്‍ഔട്ടാകുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണ് ശ്രീലങ്കയുടെ 45 റണ്‍സ്. 2019-ല്‍ ബാസെറ്റെറെയില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസ് 45 റണ്‍സിന് പുറത്തായ റെക്കോര്‍ഡിനൊപ്പമാണ് ഇതും എത്തിയത്. ശ്രീലങ്കന്‍ ഇന്നിംഗ്‌സില്‍ ആകെ അഞ്ച് ബാറ്റര്‍മാര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാര്‍ ഡക്കായി പുറത്താകുന്ന രണ്ടാമത്തെ ഉയര്‍ന്ന സംഭവമാണിത് (2010-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സിംബാബ്വെയുടെ ആറ് ബാറ്റര്‍മാര്‍ ഡക്കായതാണ് ഏറ്റവും ഉയര്‍ന്നത്). ട്വന്റി20യില്‍ ശ്രീലങ്കയുടെ രണ്ടാമത്തെ ഏറ്റവും വലിയ തോല്‍വിയാണിത്. 2019-ല്‍ ഓസ്ട്രേലിയയോട് 134 റണ്‍സിന് തോറ്റതാണ് അവരുടെ ഏറ്റവും വലിയ തോല്‍വി.
മത്സരത്തിലേക്ക് വന്നാല്‍, ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വൈഭവ് സൂര്യവംശി (21 പന്തില്‍ 6 ഫോറും 2 സിക്‌സും അടക്കം 38) മികച്ച തുടക്കം നല്‍കിയപ്പോള്‍ അഭിഷേക് ശര്‍മ്മയും സഞ്ജു സാംസണും ഒറ്റക്കക്കത്തില്‍ പുറത്തായി. എന്നാല്‍ ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറിയുമായി (80) തിളങ്ങിയതോടെ ഇന്ത്യ 20 ഓവറില്‍ 169/7 എന്ന നിലയിലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 15 റണ്‍സെടുത്ത നുവനിഡു ഫെര്‍ണാണ്ടോ മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന ഏക ബാറ്റര്‍. ജസ്പ്രീത് ബുംറ (2/7), അക്സര്‍ പട്ടേല്‍ (3/8), അഭിഷേക് ശര്‍മ്മ (2/2), വാഷിംഗ്ടണ്‍ സുന്ദര്‍ (1/18) എന്നിവര്‍ ചേര്‍ന്ന് ശ്രീലങ്കയെ 9.5 ഓവറില്‍ വെറും 45 റണ്‍സിന് പുറത്താക്കുകയായിരുന്നു.
content highlights: Asian Games: India Enters Final with Record Win, To Face Pakistan for Gold