

ചെന്നൈ: തമിഴ്നാട്ടിലെ ക്രമസമാധാന വകുപ്പിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കി സര്‍ക്കാര്‍. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിന്റെ ഉത്തരവ്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24(4) പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ നടപടി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തമിഴ്നാട് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പുതിയ ഉത്തരവോടെ ഇനി മുതല്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല. ജാതി-വര്‍ഗീയ സംഘര്‍ഷങ്ങള്‍, ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും നടപടികളും, പൊലീസ് കസ്റ്റഡിയിലെ മരണങ്ങള്‍, പൊലീസ് പീഡനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍, പൊലീസ് നടത്തിയ വെടിവെയ്പ്പുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍, ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള തടങ്കലില്‍ വെക്കലുമായി ബന്ധപ്പെട്ട ഫയലുകള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, രാഷ്ട്രീയ പശ്ചാത്തലമുള്ളതോ സമരങ്ങളുമായി ബന്ധപ്പെട്ടതോ ആയ കേസുകള്‍ പിന്‍വലിക്കാന്‍ നല്‍കുന്ന അപേക്ഷകളും തീരുമാനങ്ങള്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
സുപ്രധാനമായ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലും അന്വേഷണങ്ങളിലും അനാവശ്യമായ തടസ്സങ്ങൾ ഒഴിവാക്കാനും രഹസ്യാത്മകത സൂക്ഷിക്കാനുമാണ് ഈ നടപടിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. അതേസമയം മനുഷ്യാവകാശ ലംഘനങ്ങളിലും പൊലീസ് നടപടികളിലും സുതാര്യതയും ഉത്തരവാദിത്തവും ഇല്ലാതാക്കാൻ ഇത് കാരണമാകുമെന്ന് വിവരാവകാശ പ്രവർത്തകർ ആശങ്കപ്പെടുന്നു.
Content Highlights: The Tamil Nadu government has issued an order exempting the Law and Order Department from the purview of the Right to Information Act