‘ബെംഗളൂരുവിലെത്തുന്ന എംഎൽഎമാർക്ക് രണ്ട് വിവാഹം’; ഡി കെ ശിവകുമാറിൻ്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി ബിജെപി

വകുമാറിന്റെ പരാമർശത്തെ ‘അനാവശ്യമായ പ്രസ്താവന’ എന്നാണ് പ്രതിപക്ഷ നേതാവ് ആർ അശോക വിശേഷിപ്പിച്ചത്

‘ബെംഗളൂരുവിലെത്തുന്ന എംഎൽഎമാർക്ക് രണ്ട് വിവാഹം’; ഡി കെ ശിവകുമാറിൻ്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി ബിജെപി
dot image

ബെംഗളൂരു: ബെംഗളൂരുവിലെത്തുന്ന ഒരു ഡസനോളം എംഎൽഎമാർക്ക് രണ്ട് വിവാഹങ്ങളുണ്ടെന്ന കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പരാമർശത്തിൽ ഉൾപ്പെട്ട എംഎൽഎമാരുടെ പേരുകൾ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ രം​ഗത്ത് വന്നു. വരൾച്ചാ സാഹചര്യം സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ നിയമസഭയിൽ വ്യാഴാഴ്ചയായിരുന്നു ഡികെ ശിവകുമാർ ഇക്കാര്യം പറഞ്ഞത്. അതിവേഗ നഗരവൽക്കരണം മൂലം ബെംഗളൂരു നേരിടുന്ന വർധിച്ചുവരുന്ന സമ്മർദത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെംപെഗൗഡ ബെംഗളൂരു നഗരം പടുത്തുയർത്തി. കെംഗൽ ഹനുമന്തയ്യ വിധാൻ സൗധ നിർമിച്ചു. എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ അന്താരാഷ്ട്ര നഗരമാക്കി. നഗരത്തിലെത്തുന്നവർ ആരും പിന്നീട് മടങ്ങിപ്പോകുന്നില്ല. ബെംഗളൂരുവിലെത്തുന്ന നിങ്ങളായ എംഎൽഎമാരും ഇവിടെനിന്ന് മടങ്ങുന്നില്ല. നഗരത്തിലെത്തുന്ന എല്ലാവർക്കും രണ്ട് വിവാഹങ്ങളുണ്ട്. അത്തരത്തിൽ ഒരു ഡസനോളം പേരുണ്ട്. അവരുടെ പട്ടിക എനിക്ക് നൽകാനാകും എന്നായിരുന്നു ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ചില എംഎൽഎമാരുടെ പേരുകൾ പറയാനാകുമെന്നും എന്നാൽ അതിലേക്ക് കടക്കുന്നില്ലെന്നും ശിവകുമാർ പറഞ്ഞിരുന്നു.

ബെംഗളൂരുവിലെത്തുന്ന അഭിഭാഷകരും സ്വന്തം നാടുകളിലേക്ക് മടങ്ങാറില്ലെന്നും നഗരത്തിലെ ജനസംഖ്യ ഇത്രയും വർധിക്കാൻ അതും ഒരു കാരണമാണെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചിരുന്നു. നഗരപ്രദേശങ്ങളിലെ ജനസംഖ്യ 33 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നതായും ശിവകുമാർ ചൂണ്ടിക്കാട്ടി.

എംഎൽഎമാർക്ക് രണ്ട് വിവാഹങ്ങളുണ്ടെന്ന പരാമർശം രാഷ്ട്രീയ രംഗത്തും മാധ്യമങ്ങളിലും ചർച്ചയായതോടെയാണ് വിഷയം വിവാദമായിരിക്കുന്നത്. ശിവകുമാറിന്റെ പരാമർശത്തെ ‘അനാവശ്യമായ പ്രസ്താവന’ എന്നാണ് പ്രതിപക്ഷ നേതാവ് ആർ അശോക വിശേഷിപ്പിച്ചത്. പരാമർശത്തിൽ സൂചിപ്പിച്ച എംഎൽഎമാരുടെ പേരുകൾ മുഖ്യമന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെംഗളൂരുവിന് പുറത്തുനിന്ന് നഗരത്തിലെത്തിയ ഓരോ എംഎൽഎയ്ക്കും ഇപ്പോൾ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും അശോക പറഞ്ഞു. എന്നാൽ താൻ ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ എസ് സുരേഷ് കുമാറും ശിവകുമാറിന്റെ പരാമർശത്തെ വിമർശിച്ചു. ശിവകുമാർ തമാശയായി പറഞ്ഞതാകാമെങ്കിലും നിയമസഭയുടെ അകത്ത് ഇത്തരം പരാമർശങ്ങൾ സഭയുടെ അന്തസ്സ് ഉയർത്തുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ഉടൻ തന്നെ പ്രതികരിക്കുമായിരുന്നുവെന്നും സുരേഷ് കുമാർ വ്യക്തമാക്കി. ശിവകുമാറിന്റെ പ്രസ്താവന ജനങ്ങൾക്കിടയിൽ അനാവശ്യമായ ആകാംക്ഷ സൃഷ്ടിച്ചെന്നും രണ്ട് വിവാഹം കഴിച്ച് രണ്ട് കുടുംബങ്ങളായി കഴിയുന്ന എംഎൽഎമാരുടെ പേരുകൾ അദ്ദേഹം പുറത്തുവിടണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംസ്ഥാനത്തെ എല്ലാ എംഎൽഎമാരെയും ജനങ്ങൾ സംശയത്തോടെയോ പരിഹാസത്തോടെയോ കാണാനുള്ള സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Karnataka Deputy Chief Minister DK Shivakumar’s remark about MLAs coming to Bengaluru and having two marriages has drawn criticism from the BJP, sparking a political controversy.

dot image
To advertise here,contact us
dot image