തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സംതൃപ്തരാണ്; ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കണമെന്ന് പശ്ചിമ ബംഗാൾ ബിജെപി

ഗ്യാനേഷ് കുമാര്‍ ബംഗാളില്‍ സുതാര്യമായി തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയെന്നാണ് ബിജെപിയുടെ അവകാശവാദം

തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സംതൃപ്തരാണ്; ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കണമെന്ന് പശ്ചിമ ബംഗാൾ ബിജെപി
dot image

കൊൽക്കത്ത: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിനിറങ്ങുന്നതിനിടെ ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കണമെന്ന ആവശ്യവുമായി ബിജെപി. ബംഗാള്‍ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയാണ് ഗ്യനേഷ് കുമാര്‍ പത്മഭൂഷന്‍ അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. ഗ്യാനേഷ് കുമാര്‍ ബംഗാളില്‍ സുതാര്യമായി തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയെന്നാണ് ബിജെപിയുടെ അവകാശവാദം. തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങള്‍ സംതൃപ്തരാണെന്നും ബിജെപി വാദിച്ചു. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കോണ്‍ഗ്രസുകാര്‍ തന്നെ കേള്‍ക്കുന്നില്ലെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു.

'തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ജനങ്ങള്‍ സന്തുഷ്ടരാണ്. കൊലപാതക സംഭവങ്ങളൊന്നും ഉണ്ടായില്ല. പശ്ചിമ ബംഗാളില്‍ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിച്ചു. ഇതുപോലുള്ള ഒരു അതിര്‍ത്തി സംസ്ഥാനത്ത്, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗ്യാനേഷ് കുമാര്‍ മുന്‍കൈയെടുത്തു, ഗ്യാനേഷ് കുമാറിന് കുറഞ്ഞത് പത്മഭൂഷണ്‍ പുരസ്‌കാരമെങ്കിലും ലഭിക്കാന്‍ അര്‍ഹതയുണ്ട്,' സമിക് ഭട്ടാചാര്യ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യനേഷ് കുമാർ നടത്തിയ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി രാജ്യവ്യാപക വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ് ബിജെപിയുടെ വേറിട്ട പിന്തുണ വരുന്നത്. .തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സംയുക്ത പ്രതിഷേധം വേണമെന്നാവശ്യപ്പെട്ട് സിപിഐഎം ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. സിജെപിയും ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നാണ് പറയുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ചുമതലകളുമായി ബന്ധപ്പെട്ടാണ് മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യലും തിരിച്ചുകൊണ്ടുവരലും, എസ്‌ഐആര്‍ നടപടിക്രമങ്ങളിലൂടെ വോട്ടര്‍മാരുടെ പേരുകള്‍ പുനഃസ്ഥാപിക്കുന്നതിനെതിരായ അപ്പീലുകള്‍ സമര്‍പ്പിക്കല്‍, വോട്ടര്‍ പട്ടികയുടെ സംരക്ഷണവും സുരക്ഷയും എന്നീ വിഷയങ്ങളില്‍ ഇവര്‍ അഭിപ്രായങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തിയിരുന്നു.

അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി പിന്തുണയ്ക്കുമ്പോള്‍ വിവാദങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തണമെന്ന് എന്‍ഡിഎ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. തെലുങ്ക് ദേശം പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക് മോര്‍ച്ച പാര്‍ട്ടി നേതാക്കളാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഇത്രയും പ്രതിസന്ധികൾക്കിടെയാണ് ബിജെപി ഗ്യാനേഷ് കുമാറിന് കുറഞ്ഞത് പത്മഭൂഷണ്‍ പുരസ്‌കാരമെങ്കിലും നൽകണമെന്ന് ആവശ്യപ്പെടുന്നത്.

Content Highlights: Bengal BJP chief Samik Bhattacharya says people are satisfied with the election process and urges the Centre to honour CEC Gyanesh Kumar with the Padma Bhushan.

dot image
To advertise here,contact us
dot image