ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സംയുക്ത പ്രതിഷേധം; പ്രതിപക്ഷ പാർട്ടികൾക്ക് കത്തെഴുത്തി സിപിഐഎം

ഭിന്നതകള്‍ മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് ആവശ്യം

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സംയുക്ത പ്രതിഷേധം; പ്രതിപക്ഷ പാർട്ടികൾക്ക് കത്തെഴുത്തി സിപിഐഎം
dot image

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തെഴുതി സിപിഐഎം.തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സംയുക്ത പ്രതിഷേധം വേണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഇന്ത്യ സഖ്യവുമായി അകന്നു നില്‍ക്കുന്ന ഡിഎംകെ, എഎപി, ബിജെഡി, ബിആര്‍എസ് കക്ഷികള്‍ക്കാണ് കത്തെഴുതിയിരിക്കുന്നത്. ഭിന്നതകള്‍ മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് ആവശ്യം. പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തണമെന്നും സിപിഐഎം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ടിവികെക്കും സിജെപിക്കും എംഎ ബേബി കത്ത് നല്‍കിയിട്ടുണ്ട്.

ഇതിനിടെ മമത ബാനർജിയും പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉയര്‍ന്ന ഭിന്നതയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ മമത ബാനർജി ഫോണില്‍ വിളിച്ചു. അടിയന്തരമായി ഇന്‍ഡ്യ സഖ്യ യോഗം വിളിക്കണമെന്ന ആവശ്യമാണ് മമത ബാനർജി രാഹുൽ ഗാന്ധിയോട് ഉന്നയിച്ചത്. അടുത്ത ആഴ്ച ഇന്‍ഡ്യ സഖ്യ നേതാക്കള്‍ യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം.വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ആലോചിക്കാന്‍ സാധ്യതയുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായും മമത ഫോണില്‍ സംസാരിച്ചു. ഓരോ പാര്‍ട്ടികളും പ്രത്യേകം പ്രതിഷേധം നടത്തുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധത്തിനുള്ള നീക്കം.

അതിനിടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സിജെപി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ശനിയാഴ്ചയ്ക്കുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുന്നറിയിപ്പ്.മുംബൈയില്‍ ആരംഭിക്കുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സിജെപി വ്യക്തമാക്കിയിരുന്നു. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെയാണ് സമരത്തിന് ആഹ്വനം നല്‍കിയത്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് ശക്തമാക്കുമ്പോള്‍ എന്‍ഡിഎയില്‍ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്.


തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി പിന്തുണയ്ക്കുമ്പോള്‍ വിവാദങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തണമെന്ന് എന്‍ഡിഎ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. തെലുങ്ക് ദേശം പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക് മോര്‍ച്ച പാര്‍ട്ടി നേതാക്കളാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ചുമതലകളുമായി ബന്ധപ്പെട്ടാണ് മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യലും തിരിച്ചുകൊണ്ടുവരലും, എസ്‌ഐആര്‍ നടപടിക്രമങ്ങളിലൂടെ വോട്ടര്‍മാരുടെ പേരുകള്‍ പുനഃസ്ഥാപിക്കുന്നതിനെതിരായ അപ്പീലുകള്‍ സമര്‍പ്പിക്കല്‍, വോട്ടര്‍ പട്ടികയുടെ സംരക്ഷണവും സുരക്ഷയും എന്നീ വിഷയങ്ങളില്‍ ഇവര്‍ അഭിപ്രായങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തിയിരുന്നു. ഇവയുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപങ്ങളുടെയും പകര്‍പ്പുകള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും അയച്ചുനല്‍കി. ചിലത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും നല്‍കി. എന്നാല്‍ രണ്ട് കമ്മീഷണര്‍മാരുടെ രേഖാമൂലമുള്ള ഉപദേശത്തിന് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം.

Content Highlights: The CPIM has written to opposition parties proposing a joint protest to demand the resignation of Gyanesh Kumar

dot image
To advertise here,contact us
dot image