രണ്ട് വയസുകാരന് തണലായി ദുബായ്; മജ്ജ മാറ്റിവെക്കാന്‍ ഒരാഴ്ചയ്ക്കിടെ സമാഹരിച്ചത് 405,000 ദിര്‍ഹം

രക്താര്‍ബുദം ബാധിച്ച കുഞ്ഞ് അയാന്‍ ജനിച്ചത് മുതല്‍ ജീവിതത്തോട് പോരാടുകയാണ്

രണ്ട് വയസുകാരന് തണലായി ദുബായ്; മജ്ജ മാറ്റിവെക്കാന്‍ ഒരാഴ്ചയ്ക്കിടെ സമാഹരിച്ചത് 405,000 ദിര്‍ഹം
dot image

രണ്ട് വയസുകാരന്‍ അയാന് തണലായി ദുബായ് ജനത. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി കുഞ്ഞ് അയാന് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ 405,000 ദിര്‍ഹം (ഏകദേശം 1.05 കോടി രൂപ) സോഷ്യല്‍ മീഡിയ വഴി സമാഹരിച്ചു. സെപ്റ്റംബര്‍ 10നാണ് ഹോപ് അമെല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ അയാന്റെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ കുറിച്ചുള്ള സന്ദേശം വരുന്നത്. പിന്നാലെ മൂന്ന് ദിവസത്തിനുള്ളില്‍ 390,000 ദിര്‍ഹം സമാഹരിച്ചു. ഒരാഴ്ച കൊണ്ട് 405,000 ദിര്‍ഹം സമാഹരിക്കാന്‍ സാധിച്ചു. അയാന്റെ ആശുപത്രിയിലേക്കാണ് ഈ പണം നേരിട്ട് എത്തിച്ചത്.

രക്താര്‍ബുദം ബാധിച്ച കുഞ്ഞ് അയാന്‍ ജനിച്ചത് മുതല്‍ ജീവിതത്തോട് പോരാടുകയാണ്. പാകിസ്താന്‍ പൗരനായ ബഷീര്‍ അഹമ്മദിന്റെയും ഇന്തോനേഷ്യന്‍ പൗരയായ റഹ്‌മാവകി ബിന്‍ കര്‍ത്തയുടെയും മകനാണ് അയാന്‍. മാസം 5000 ദിര്‍ഹത്തില്‍ താഴെ മാത്രമാണ് ബഷീറിന്റെ വരുമാനം. അയാന്റെ ചികിത്സയ്ക്ക് വേണ്ടി ഇതിനകം തന്നെ പാകിസ്താനിലെ കുടുംബ വീട് വിറ്റു. ഒരു റെന്റല്‍ കാര്‍ കമ്പനിയിലാണ് നിലവില്‍ ബഷീര്‍ ജോലി ചെയ്യുന്നത്. അധിക സമയം ജോലി ചെയ്താണ് ബഷീര്‍ ഇപ്പോള്‍ കൂടുതല്‍ പണം കണ്ടെത്തുന്നത്.

ദുബായ് കേന്ദ്രീകരിച്ചുള്ള ഏവിയേഷന്‍ കമ്പനിയിലെ തലവനായ അബ്ബീയാണ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോപ് അമല്‍ സ്ഥാപിച്ചത്. യുഎഇയില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കുന്ന വൊളണ്ടിയര്‍ കമ്മ്യൂണിറ്റിയാണ് ഹോപ് അമല്‍. സ്ഥാപിച്ചത് മുതല്‍ ഏകദേശം 40,000 കുടുംബങ്ങള്‍ക്കാണ് ഹോപ് അമല്‍ സാന്ത്വനമായത്. ഹോപ് അമലിലെ വൊളണ്ടിയര്‍ മുഖേനയാണ് അയാന്റെ കഥ അബ്ബീ അറിയുന്നത്.

100 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെ തന്നവരുണ്ടെന്ന് അബ്ബീ പറയുന്നു. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരാള്‍ 202, 530 ദിര്‍ഹം നല്‍കിയെന്നും അവര്‍ വെളിപ്പെടുത്തി. 'പണം നല്‍കിയ ആള്‍ക്ക് പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ല. സത്യം പറഞ്ഞാല്‍ വേഷം മാറി വന്ന ഒരു മാലാഖയെ പോലെ തോന്നി. എനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇതുവരെ കാണാത്ത ഒരു കുട്ടിക്ക് പെട്ടെന്ന് തന്നെ അത്രയും പണം നല്‍കിയ ആളെ എനിക്ക് മറക്കാന്‍ പറ്റില്ല. ആ വ്യക്തി കാരണമാണ് കുറച്ച് ദിവസം കൊണ്ട് ഇത്രയും പണം കിട്ടിയത്',അബ്ബീ പറഞ്ഞു.

നിലവില്‍ അല്‍ ജാലിയ ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് അയാന്‍. അയാന്റെ ശരീത്തില്‍ പുതിയ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് കീമോതെറാപ്പിക്ക് വിധേയനാക്കിയിരിക്കുകയാണ്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി അയാനെ ബൂര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റും.

Content Highlights: The Dubai community came together to help two-year-old Ayan undergo a bone marrow transplant

dot image
To advertise here,contact us
dot image