

മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച അദിതി റാവു ഹൈദരി, പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും ശ്രദ്ധേയയായി. 'ഹീരാമണ്ഡി', 'ജൂബിലി' എന്നീ സീരീസുകളിലൂടെ മികച്ച പ്രേക്ഷകപ്രീതി നേടിയ താരം, നെറ്റ്ഫ്ലിക്സിന്റെ 'ലസ്റ്റ് സ്റ്റോറീസ്' പ്രൊമോഷനിടയിലാണ് തുടക്കകാലത്തുണ്ടായ ദുരനുഭവം പങ്കുവെക്കുന്നത്. ഒരു ഫോട്ടോ ഷൂട്ടിനിടെ ഫോട്ടോഗ്രാഫര്‍ തന്റെ ചുണ്ടിന്റെ പേരിൽ കളിയാക്കിയെന്നും അന്ന് കരഞ്ഞ കാര്യവും അദിതി അഭിമുഖത്തിൽ പറയുന്നു.
''തുടക്കകാലത്ത് ചെയ്‌തൊരു ബ്രാന്റ് ഫോട്ടോഷൂട്ട് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ നഗരത്തില്‍ പുതിയതായിരുന്നു. ഫോട്ടോഗ്രാഫര്‍ എന്റെ ചുണ്ടിന്റെ പേരില്‍ എന്നെ കളിയാക്കി. എന്റെ ചുണ്ട് ഡൊണാള്‍ഡ് ഡക്കിന്റേത് പോലെയാണ്. നിന്റെ ചുണ്ട് പുറത്തേക്ക് തള്ളി നില്‍ക്കുകയാണെന്ന് പറഞ്ഞു. അതോടെ ഞാന്‍ ചുണ്ട് കടിച്ചു പിടിച്ച് നില്‍ക്കാന്‍ തുടങ്ങി. അങ്ങനെയും ഇങ്ങനെയുമൊക്കെ നില്‍ക്കാന്‍ പറഞ്ഞു. ഞാനാകെ വലഞ്ഞു പോയി. അവസാനം നാച്ച്വറലായി നില്‍ക്കാന്‍ പറഞ്ഞു. ഞാനന്ന് കരഞ്ഞു പോയി'' എന്നാണ് അദിതി റാവു പറയുന്നത്.

അതേസമയം, നെറ്റ്ഫ്ലിക്സിൻ്റെ ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയുടെ മൂന്നാം ഭാഗമാണ് 'ലസ്റ്റ് സ്റ്റോറീസ് 3'. വിശാൽ ഭരദ്വാജിന് പുറമെ വിക്രമാദിത്യ മോട്വാനെ, കിരൺ റാവു, ശകുൻ ബദ്ര എന്നിവരാണ് മറ്റ് ഭാഗങ്ങൾ സംവിധാനം ചെയ്യുന്നത്. പ്രണയം, ആഗ്രഹം, വൈകാരിക ബന്ധങ്ങൾ എന്നിവയുടെ വിവിധ തലങ്ങളാണ് ചർച്ച ചെയ്യുന്നത്. രാധിക ആപ്തെ, കൊങ്കണ സെൻ ശർമ്മ, വിജയ് വർമ്മ, അലി ഫസൽ, രാധിക മദൻ തുടങ്ങി വൻ താരനിര തന്നെ ഇതിൽ അണിനിരക്കുന്നുണ്ട്.
Content Highlights: Actress Aditi Rao Hydari has opened up about experiencing body shaming during her career. She recalled a difficult phase and spoke about how such comments affected her professional journey.