

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സേവാ പഖ്വാഡയുടെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസി ‘വികസിത് ഭാരത് റൺ’ സംഘടിപ്പിച്ചു. സെപ്റ്റംബർ 18-ന് നടന്ന പരിപാടി ഐക്യം, കൂട്ടായ പങ്കാളിത്തം, വികസിത ഭാരതം എന്ന ലക്ഷ്യം എന്നിവ മുൻനിർത്തിയാണ് നടത്തിയത്. ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് രാജീവ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് കിലോമീറ്റർ കൂട്ടയോട്ടത്തിൽ ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ നിന്നുള്ള ഇരുന്നൂറോളം പേർ അണിനിരന്നു. സംസ്കൃതി ബഹ്റൈൻ അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ഫിറ്റ്നസ്, ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക പങ്കാളിത്തം എന്നിവയുടെ പ്രാധാന്യം വിളിച്ചോതിയ ചടങ്ങിൽ പങ്കെടുത്തവർ 'വികസിത് ഭാരത് പ്രതിജ്ഞ' ചൊല്ലി. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ തങ്ങളാൽ കഴിയുന്ന പങ്കാളിത്തം വഹിക്കുമെന്ന് പ്രവാസികൾ പ്രതിജ്ഞയിലൂടെ ഉറപ്പുനൽകി.
കൂട്ടയോട്ടത്തിന് ശേഷം 'സ്വച്ഛതാ ഹി സേവ' പ്രചാരണത്തിന്റെ ഭാഗമായി പാർക്ക് ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിലെ നിരവധി അംഗങ്ങൾ ഈ ശുചീകരണ ദൗത്യത്തിൽ പങ്കാളികളായി. ശുചിത്വം, ആരോഗ്യകരമായ അന്തരീക്ഷം, സാമൂഹിക ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്റൈൻ ഇന്ത്യൻ എംബസി നടപ്പിലാക്കി വരുന്ന തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടികൾ ഏകോപിപ്പിച്ചത്.
Content Highlights: The Bahrain Indian Embassy has supported the 'Vikasit Bharat Run' event aimed at promoting physical fitness and hygiene awareness. The programme highlighted the importance of health, cleanliness, and community participation.