

കൊല്‍ക്കത്ത: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ മമത പക്ഷ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ടിഎംസി നേതാവായ സഞ്ചിത ദേ പ്രധാന്‍ വെള്ളിയാഴ്ച പത്രിക പിന്‍വലിച്ചത്. പത്രിക പിന്‍വലിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് നടപടി. അധികാരിയും സഞ്ചിത ദേ പ്രധാനും ചര്‍ച്ച നടത്തുന്ന തരത്തിലുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദേയുടെ നീക്കത്തിന് പിന്നാലെ ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്നാണ് മമത പ്രതികരിച്ചത്. ഇതോടെ മമത പക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മിലന്‍ പ്രധാനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു.
മമത ബാനര്‍ജിയുടെ ശക്തികേന്ദ്രമായ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയാണ് ഏപ്രിലിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടിയ അധികാരി ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം ഒഴിയുകയാണ് ഉണ്ടായത്. ഇതാടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നന്ദിഗ്രാമില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെയും മമത വിഭാഗത്തിന് നഷ്ടമായത്.
മമതയായിരിക്കും മണ്ഡലത്തില്‍ നിന്നും മത്സരിക്കുക എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ദേയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിയില്‍പ്പെട്ട് ജോലി നഷ്ടമായ 26,000പേരില്‍ ഒരാളായ ദേയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ നിരവധി ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ച വാര്‍ത്ത പുറത്ത് വന്നത്. പിന്നാലെ രാഹുല്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും നന്ദിഗ്രാമില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചെന്നും മമത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബിജെപിക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: A TMC candidate in Nandigram withdrew the nomination papers after a discussion with Suvendu Adhikari. The development took place during the election process in West Bengal, with the candidate deciding to withdraw from the contest