അര്‍എസ്എസുമായി പ്രധാനമന്ത്രിയുടെ രഹസ്യ യോഗം; ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് വഴിയൊരുങ്ങിയത് ഇങ്ങനെ

ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി സമര്‍പ്പിച്ചത്

അര്‍എസ്എസുമായി പ്രധാനമന്ത്രിയുടെ രഹസ്യ യോഗം; ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് വഴിയൊരുങ്ങിയത് ഇങ്ങനെ
dot image

ന്യൂഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ തീരുമാനമായത് ആര്‍എസ്എസും പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയില്‍ എന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് സര്‍കാര്യവാഹക് ദത്താത്രേയ ഹൊസബെല്ല ഉള്‍പ്പടെ പങ്കെടുത്തായിരുന്നു ചര്‍ച്ച. കൂടാതെ പ്രധാനപ്പെട്ട അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം, അമിത് ഷായും, ജെപി നദ്ദയും ചർച്ചയില്‍ പങ്കെടുത്തെന്നാണ് വിവരം. സമരം അനുനയിപ്പിക്കാനായില്ലെങ്കില്‍ രാജി നല്‍കാനാണ് യോഗത്തില്‍ ധാരണയായത്.

ബിജെപി കാര്യാലയത്തിലോ ആര്‍എസ്എസ് കാര്യാലയത്തിലോ ആയിരുന്നില്ല ചര്‍ച്ച എന്നത് ഇതിന്റെ രഹസ്യ സ്വഭാവം വെളിവാക്കുന്നതാണ്. വ്യാഴാഴ്ചയാണ് ചര്‍ച്ച നടന്നത് എന്നാണ് റിപ്പോര്‍ട്ട്. തിങ്കള്‍ വരെ കാത്തിരിക്കാനായിരുന്നു ചര്‍ച്ചയില്‍ തീരുമാനമായത്. കൂടാതെ ഈ സമയങ്ങളില്‍ സമവായത്തിന് ഇടപെടാനും യോഗത്തില്‍ തീരുമാനമായി. ഇതിന് പിന്നാലെയായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം വന്നതെന്നാണ് വിവരം. തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും ധര്‍മേന്ദ്ര പ്രധാന്റെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്ന് സിജെപി നിലപാടെടുക്കുകയും ചെയ്തു.

ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്ന് വിലയിരുത്തിയാണ് സമയപരിധിക്ക് മുമ്പ് തന്നെ ധര്‍മേന്ദ്ര പ്രധാന്‍ രാജി നല്‍കിയത് എന്നാണ് വിവരം. ആര്‍എസ്എസിന് കൂടി പ്രിയങ്കരനായ ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കില്ലെന്നായിരുന്നു അദ്യ ഘട്ടത്തില്‍ വിലയിരുത്തിയിരുന്നത്. ആരോപണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായെന്ന് കരുതി മന്ത്രിമാര്‍ രാജി വെക്കുന്ന കിഴ്‌വഴക്കം ബിജെപിയില്‍ ഉണ്ടായിരുന്നില്ല എന്നതും ഈ വിലയിരുത്തലിന് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ പിന്നാലെ ആര്‍എസ്എസ് കൂടി ഇടപെട്ടതാണ് പ്രധാന്റെ രാജി വേഗത്തിലാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി സമര്‍പ്പിച്ചത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ജന്തര്‍ മന്തറില്‍ ദിവസങ്ങളോളം കോക്രോച്ച് ജനതാ പാര്‍ട്ടിയുടേയും മറ്റ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടേയും നേതൃത്വത്തില്‍ അനിശ്ചിതകാല സമരം നടന്നിരുന്നു. ഇതിന് നേരെ പൊലീസ് നടപടി ഉണ്ടായത് സമരത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുക, പരീക്ഷാ സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക, പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയുക എന്നിവയായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.

സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് ഇതിനായി 27 ദിവസത്തോളം നിരാഹാരം അനുഷ്ടിച്ചു. കൂടാതെ എസ്എഫ്‌ഐ, ഐസ, എഐഎസ്എഫ് അടക്കമുള്ള സംഘടനാ പ്രതിനിധികളും നിരാഹാരമനുഷ്ഠിച്ചു. പിന്നാലെ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ ധര്‍മേന്ദ്ര പ്രധാന്‍ രാജിക്ക് നിര്‍ബന്ധിതനാകുകയായിരുിന്നു. തുടര്‍ന്ന് രാഷ്ട്രപതി രാജി അംഗീകരിക്കുകയും പിന്നാലെ പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി തീരുമാനിക്കുകയും ചെയ്തു.

Content Highlights: Reports suggest Dharmendra Pradhan's resignation was finalised after a high-level meeting involving senior RSS leaders and the Prime Minister. The decision reportedly came after attempts to resolve the student protests failed, with the leadership opting for a political course correction amid the ongoing controversy.

dot image
To advertise here,contact us
dot image