

ന്യൂഡൽഹി: രാജ്യത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്‍ ഉടന്‍ പാര്‍ലമെന്റില്‍. അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബില്ലിന്റെ പകര്‍പ്പ് എല്ലാ എംപിമാര്‍ക്കും വിതരണം ചെയ്തു. THE PUBLIC EXAMINATIONS (PREVENTION OF UNFAIR MEANS) AMENDMENT BILL, 2026 ആണ് സര്‍ക്കാര്‍ പാസാക്കാന്‍ പോകുന്നത്. പബ്ലിക്ക് എക്‌സാമിനേഷന്‍ ഭേദഗതി ബില്‍ അനുസരിച്ച് ചോദ്യപേപ്പര്‍ ചോര്‍ച്ച നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയാല്‍ 10 വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശിക്ഷ. മുന്‍പ് 5 കോടി രൂപയായിരുന്നു പിഴ. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതിയ്ക്കും ചുമതല നല്‍കിയിട്ടുണ്ട്. ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും ഉടന്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
അതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിവേഗത കോടതികള്‍ വേഗത്തില്‍ കേസ് തീര്‍പ്പ് കല്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ധര്‍മേന്ദ്ര പ്രധാന് പകരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും മന്ത്രിയുടെ ആദ്യ നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്‌മെന്റ് നടപടികളും വേഗത്തിലാക്കും. .
അതേസമയം, പ്രധാന്റെ രാജിയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബിജെപി രഗത്തുവന്നു. വകുപ്പുകളില്‍ ജാഗ്രത വേണമെന്നാണ് മന്ത്രിമാര്‍ക്ക് ബിജെപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രാലയങ്ങളില്‍ പ്രധാനമന്ത്രിയുടെ ശക്തമായ നിരീക്ഷണവുമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രിമാര്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Content Highlights:The Centre is set to introduce an anti-paper leak bill in Parliament as the investigation into the examination paper leak gathers pace.