ഘടക കക്ഷികളെ തഴയുന്നു; കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

'പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോള്‍ കൂരായണ' എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും വിമര്‍ശനം

ഘടക കക്ഷികളെ തഴയുന്നു; കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
dot image

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതൃ ക്യാമ്പില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാം കോണ്‍ഗ്രസാണ് എന്ന നിലപാട് അവര്‍ സ്വീകരിക്കുന്നു. പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോള്‍ കൂരായണ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും വിമര്‍ശനം. യുഡിഎഫിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും നേതൃക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു.

പത്തനംതിട്ടയില്‍ വെച്ചായിരുന്നു നേതൃക്യാമ്പ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതിന് പിന്നാലെ പലയിടങ്ങളിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ തഴയുന്നു എന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്. പല യുഡിഎഫ് പരിപാടികളിലേക്കും ജോസഫ് വിഭാഗത്തെ അടുപ്പിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമായി വന്നിരിക്കുന്നത്.

മത്സരിച്ച എട്ട് സീറ്റില്‍ ഏഴിലും വിജയിച്ചിട്ടും രണ്ട് മന്ത്രി സ്ഥാനം നല്‍കാതിരുന്നതിലും പാര്‍ട്ടിയില്‍ വിമര്‍ശനം രൂക്ഷമായിരുന്നു. കോണ്‍ഗ്രസ് ഏകാധിപത്യ നടപടിയുമായാണ് മുന്നോട്ട് പോകുന്നതെന്നും ഘടക കക്ഷികളെ തഴയുകയാണെന്നും ജോസഫ് വിഭാഗം പറയുന്നു. പ്രധാന ബോര്‍ഡുകളിലും മറ്റും നിയമനങ്ങള്‍ വരുമ്പോള്‍ അതില്‍ താക്കോല്‍ സ്ഥാനങ്ങള്‍ ചോദിച്ച് വാങ്ങണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

Content Highlights: At its leadership camp in Pathanamthitta, Kerala Congress (Joseph) leaders criticised the Congress over its reported approach towards UDF allies after the elections. The party maintained that the electoral mandate was for the UDF as a whole and called for greater recognition and coordination among alliance partners.

dot image
To advertise here,contact us
dot image