'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ വിദ്യാഭ്യാസ മന്ത്രി ജെന്‍ സിയാകും': രേവന്ത് റെഡ്ഡി

ലോക്‌സഭയിലേക്ക് മത്സരിക്കാനുളള പ്രായപരിധി 21 വയസാക്കണമെന്നും യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു

'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ വിദ്യാഭ്യാസ മന്ത്രി ജെന്‍ സിയാകും': രേവന്ത് റെഡ്ഡി
dot image

ഹൈദരാബാദ്: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജെന്‍ സിയായിരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരാബാദില്‍ നടന്ന പൊതുറാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കാനുളള പ്രായപരിധി 21 വയസാക്കണമെന്നും യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും ജനാധിപത്യ പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. 21 വയസുളള ഒരാള്‍ക്ക് ഐഎഎസ് ഉദ്യോഗസ്ഥനാകാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും സിവില്‍ സര്‍വീസിലൂടെ രാജ്യത്തെ സേവിക്കാനും കഴിയുമെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുകൂടാ? എന്നാണ് രേവന്ത് റെഡ്ഡി ചോദിക്കുന്നത്.

വോട്ടവകാശത്തിനുളള പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ച രാജീവ് ഗാന്ധിയുടെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള പ്രായം 21 ആക്കിയ പി വി നരസിംഹ റാവുവിന്റെയും ഭരണഘടനാ ഭേദഗതികളും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. മത്സരിക്കാനുളള പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുന്നതിനായി ഓഗസ്റ്റില്‍ തെലങ്കാന നിയമസഭയുടെയും ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെയും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ജനസംഖ്യയുടെ 30 ശതമാനത്തോളം ജെന്‍ സി വിഭാഗമാണെങ്കിലും പാര്‍ലമെന്റില്‍ അവരുടെ പ്രാതിനിധ്യം വെറും ഒരു ശതമാനം മാത്രമാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യമെമ്പാടും വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധങ്ങളെയും അദ്ദേഹം പ്രശംസിച്ചു. യുവാക്കളുടെ പോരാട്ടമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയില്‍ കലാശിച്ചതെന്നും അവര്‍ക്കെതിരെ എടുത്ത കേസുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

Content Highlights: Telangana CM Revanth Reddy states that a Gen Z leader will be appointed as Education Minister if Rahul Gandhi becomes Prime Minister, stressing youth leadership.

dot image
To advertise here,contact us
dot image