'നിരാഹാര സമരത്തെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു'; കേന്ദ്ര സർക്കാരുമായി ഡീലുണ്ടെന്ന ആരോപണം തള്ളി സോനം വാങ്ചുക്

തന്റെ ആത്മാര്‍ത്ഥത ഇപ്പോള്‍ തെളിയിക്കേണ്ട അവസ്ഥയാണെന്നും വൈകാരികമായി സോനം വാങ്ചുക് പറഞ്ഞു

'നിരാഹാര സമരത്തെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു'; കേന്ദ്ര സർക്കാരുമായി ഡീലുണ്ടെന്ന ആരോപണം തള്ളി സോനം വാങ്ചുക്
dot image

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ഡീലുണ്ടെന്ന ആരോണം തള്ളി സോനം വാങ്ചുക്. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് വാങ്ചുക് ഇക്കാര്യം വിശദീകരിക്കുന്നത്. 26 ദിവസം നിരാഹാര സമരം നടത്തിയ ശേഷവും തന്റെ ആത്മാർഥത തെളിയിക്കേണ്ട സാഹചര്യമാണോ ഇപ്പോഴും നിലനിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സമരം അവസാനിപ്പിച്ച തീരുമാനത്തെ രാഷ്ട്രീയ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. '26 ദിവസം നിരാഹാരം അനുഷ്ഠിച്ച ശേഷവും എന്റെ ആത്മാർഥത ഞാൻ ഇനിയും തെളിയിക്കണമോ?" എന്നാണ് വാങ്ചുക് കുറിച്ചത്. വിമർശനങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് തന്റെ യൂട്യൂബ് ചാനലിൽ ലഭ്യമായ 22 മിനിറ്റ് ദൈർഘ്യമുള്ള മുഴുവൻ വീഡിയോ കാണാനും അതിലെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാനും' അദ്ദേഹം ആവശ്യപ്പെട്ടു.

ആരുടെയും പേര് പരാമർശിക്കാതെയാണ് കേന്ദ്ര സർക്കാരുമായി ധാരണയിലെത്തിയെന്ന ആരോപണം ഉന്നയിക്കുന്നവരെ വാങ്ചുക് വിമർശിച്ചത്. തന്റെ സമരത്തിന് പിന്നിലെ വ്യക്തിപരമായ ത്യാഗവും കഷ്ടപ്പാടും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന ആവശ്യങ്ങളോട് സർക്കാർ അനുകൂലമായ സമീപനം സ്വീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് 26 ദിവസം നീണ്ട നിരാഹാര സമരം വ്യാഴാഴ്ച അവസാനിപ്പിച്ചതിന് ശേഷം വാങ്ചുക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പുതിയ വിശദീകരണം.

ഇന്ന് പുലർച്ചയോടെയാണ് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയിലെത്തി ചർച്ച നടത്തിയതിന് പിന്നാലെയാണ് വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചത്. ജെ പി നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും കൈയിൽ നിന്ന് വാങ്ചുക്ക് നാരാങ്ങാനീർ വാങ്ങിക്കുടിച്ച് നിരാഹാരം അവസാനിപ്പിക്കുന്ന ദൃശ്യങ്ങൾ ആശുപത്രിയിൽ നിന്നും പുറത്ത് വന്നിരുന്നു. ഭാര്യ ഗീതാഞ്ജലി ആങ്മോയുടെ സാന്നിധ്യത്തിലാണ് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ജെ പി നദ്ദയും ജിതേന്ദ്ര സിംഗും വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ചതെന്നാണ് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഉറപ്പാക്കുകയും വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും വേണമെന്നാവശ്യപ്പെട്ടാണ് വാങ്ചുക് ജൂൺ 28ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും വിദ്യാഭ്യാസ സംവിധാനത്തിൽ വ്യാപക പരിഷ്‌കാരങ്ങൾ വേണമെന്ന ആവശ്യവും ഉയർത്തിയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു വാങ്ചുക് നിരാഹാര സമരത്തിലേർപ്പെട്ടത്. അദ്ദേഹത്തിന്റെ പങ്കാളിത്തം രാജ്യവ്യാപകമായി വലിയ ജനശ്രദ്ധ നേടുകയും യുവജന പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.

Content Highlights: Sonam Wangchuk Denies Allegations of Deal With Central Government

dot image
To advertise here,contact us
dot image