ഇന്‍സ്റ്റഗ്രാമിലൂടെ യുവാക്കളുമായി സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി

നിലവില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ആയിരക്കണക്കിന് പേര്‍, ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധസമരം തുടരുകയാണ്

ഇന്‍സ്റ്റഗ്രാമിലൂടെ യുവാക്കളുമായി സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി
dot image

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ യുവാക്കളോട് സംവദിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട തന്റെ സമൂഹമാധ്യമങ്ങളിലൂടെ ഒരു വീഡിയോ സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി സഹപ്രവർത്തകർക്ക് മുന്നിൽ വെച്ചിരിക്കുന്നത്.

ആരൊക്കെ സജീവമായി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാറുണ്ടെന്ന് മന്ത്രിസഭ യോഗത്തില്‍ പ്രധാനമന്ത്രി ചോദിച്ചുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടിക്കണക്കിന് യുവാക്കള്‍ എല്ലാദിവസവും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിന് പുറമേ, ഇന്‍സ്റ്റഗ്രാമിലൂടെ മന്ത്രിമാര്‍ യുവാക്കളോട് സംസാരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മന്ത്രിമാരും റീലുകള്‍ ഉണ്ടാക്കുകയും അതില്‍ സംവേദനാത്മകമായ കണ്ടന്റ് ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നേതൃത്വത്തിൽ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ പ്രതിഷേധസമരം തുടരുകയാണ്. മണ്‍സൂണ്‍ സമ്മേളനം നടക്കുന്നതിനിടെ ജൂലായ് 20ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റിന് ഉള്ളിലും പുറത്തും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥി സമരത്തിന് കൂടുതൽ പിന്തുണ ലഭിക്കാൻ തുടങ്ങിയതോടെയാണ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിനായി പുതിയ നിയമനിർമ്മാണം നടത്തുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി രംഗത്ത് വന്നത്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ സ്റ്റോറിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Content Highlights: Prime Minister Narendra Modi has reportedly advised Union ministers to actively engage with young people through Instagram and post Reels regularly. The suggestion is aimed at strengthening digital communication and improving the government's outreach to the youth through social media.

dot image
To advertise here,contact us
dot image