

ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടിയിൽ. 2026 ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചതാരമാണ് 22 വയസ്സുകാരനായ വോൾപാറ്റോ.
വ്യാഴാഴ്ച രാത്രി സിഡ്‌നിയിലെ ആൻസാക് പാലത്തിൽ വെച്ചാണ് വോൾപാറ്റോയെ പോലീസ് തടഞ്ഞത്. ആദ്യം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് നടത്തിയ രണ്ടാം പരിശോധനയിൽ ഫലം പോസിറ്റീവായി.
നിയമലംഘനത്തെത്തുടർന്ന് താരത്തിന്റെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കി. പിഴയടക്കമുള്ള മറ്റ് നിയമനടപടികൾക്കായി നോട്ടീസ് നൽകിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി താരത്തിന്റെ സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇറ്റലിയിൽ ജനിച്ച വോൾപാറ്റോ യൂത്ത് തലത്തിൽ ഇറ്റലിയെയാണ് പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ 2026 ലോകകപ്പിന് തൊട്ടുമുമ്പ് താരം ഓസ്‌ട്രേലിയൻ ദേശീയ ടീമിലേക്ക് മാറുകയായിരുന്നു.
ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ താരം ഓസ്‌ട്രേലിയക്കായി കളത്തിലിറങ്ങി. താരത്തിന്റെ ഭാഗത്തുനിന്നും സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.
Content highlights:cristian volpato tests positive cocaine speeding sydney