സോനം വാങ്ചുക് സഫ്ദർജംഗ് ആശുപത്രിയിൽ തുടരും; ഹര്‍ജിയില്‍ ഇടപെടാതെ ഡൽഹി ഹൈക്കോടതി

ആരോഗ്യനില പരിഗണിച്ചാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്

സോനം വാങ്ചുക് സഫ്ദർജംഗ് ആശുപത്രിയിൽ തുടരും; ഹര്‍ജിയില്‍ ഇടപെടാതെ ഡൽഹി ഹൈക്കോടതി
dot image

ന്യൂഡൽഹി: സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി. ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയ സർക്കാർ നടപടി ഏകപക്ഷീയമോ നിയമവിരുദ്ധമോ അല്ലെന്ന് കോടതി നിരീക്ഷിച്ചു. വാങ്ചുക്കിന്റെ ആരോഗ്യനില ഡോക്ടർമാർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ശരീരത്തിലെ ജലാംശവും മിനറൽസും നിലനിർത്തുന്നതിനായി ഇലക്ട്രോലൈറ്റുകൾ നൽകുന്നതിന് അദ്ദേഹം സമ്മതം നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് മിനി പുഷ്കർണ അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ആരോഗ്യനില പരിഗണിച്ചാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. അതിനെ ഏകപക്ഷീയമോ അന്യായമോ ആയ നടപടിയായി ഈ കോടതിക്ക് കാണാനാവില്ല എന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. സ്വന്തം ആരോഗ്യസ്ഥിതി മോശമായിട്ടും വാങ്ചുക് സ്വമേധയാ ആശുപത്രിയിൽ പ്രവേശിക്കാൻ തയ്യാറായിരുന്നില്ലെന്നും അത്തരം സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാരിന് അധികാരമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. 'വാങ്ചുക് സ്വന്തം തീരുമാനപ്രകാരം ആശുപത്രിയിൽ പ്രവേശിച്ചിരുന്നില്ല. അതിനാൽ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിന് അവകാശമുണ്ടായിരുന്നു. ഡിവിഷൻ ബെഞ്ച് മുമ്പ് നിരീക്ഷിച്ചതുപോലെ ഓരോ ജീവനും അമൂല്യമാണ്' എന്നായിരുന്നു കോടതി നിരീക്ഷണം. വാങ്ചുക്കിന്റെ കുടുംബാംഗങ്ങൾക്ക് ദിവസം മുഴുവൻ അദ്ദേഹത്തെ സന്ദർശിക്കാൻ നിയന്ത്രണങ്ങളില്ലാതെ അനുമതി നൽകിയിട്ടുണ്ടെന്ന സർക്കാരിന്റെ വാദവും കോടതി രേഖപ്പെടുത്തി. മറ്റ് രോഗികളുടെ സന്ദർശകർക്ക് നിശ്ചിത സന്ദർശനസമയങ്ങളിൽ മാത്രമാണ് പ്രവേശനമുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കുടുംബാംഗങ്ങൾക്ക് പ്രത്യേകം മുറിയും ഒരുക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ നിലവിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതി വിലയിരുത്തിയത്. വാങ്ചുക്കിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ കുടുംബാംഗങ്ങളുമായി പങ്കുവെക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച കോടതി തുടർവാദം കേൾക്കുന്നതിനായി ഹർജി ജൂലൈ 24-ലേക്ക് മാറ്റി.

സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വാങ്ചുക്കിന് സ്വന്തം അഭിഭാഷകരെയും വ്യക്തിഗത ഡോക്ടർമാരെയും കാണാനുള്ള അവസരം നിഷേധിക്കപ്പെട്ടതായാണ് ഹ‍ർജിക്കാരിക്ക് വേണ്ടി കോടതിയിൽ വാദിച്ചു. ഹർജിക്കാരിയായ വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ജെ ആങ്മോയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, വിവേക് ടങ്ക, അഖിൽ സിബൽ എന്നിവരാണ് ഹാജരായത്. വാങ്ചുക്കിനെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അതിൽ കൂടുതലൊന്നും ആവശ്യപ്പെടുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞു. 'വാങ്ചുക്ക് തടങ്കലിലല്ല. അദ്ദേഹത്തിനെതിരെ ഒരു കേസുമില്ല. ഒരു ഇന്ത്യൻ പൗരന് താൻ ഇഷ്ടപ്പെടുന്ന ആശുപത്രിയിൽ ചികിത്സ തേടാൻ അവകാശമില്ലേ? സർക്കാരിന് എങ്ങനെ അദ്ദേഹത്തിൻ്റെ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുമെന്നും അദ്ദേഹത്തെ ഇഷ്ടമുള്ള ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പറയാൻ കഴിയുമെന്നും' കബിൽ സിബിൽചോദിച്ചു. ആവശ്യമെങ്കിൽ എയിംസിലെയോ സഫ്ദർജംഗ് ആശുപത്രിയിലെയോ ഡോക്ടർമാരെ ചികിത്സാസംഘത്തിൽ ഉൾപ്പെടുത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും കബിൽ സിബിൽ അറിയിച്ചു. വാങ്ചുക്കിന്റെ ആശുപത്രിമുറിക്ക് പുറത്ത് പൊലീസ് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: The Delhi High Court declined to issue an interim order directing the discharge of environmental activist Sonam Wangchuk from the hospital.

dot image
To advertise here,contact us
dot image