കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭർത്താവിനും ആശ്വാസം;പൊലീസ് നടപടി താൽക്കാലികമായി വിലക്കി മധ്യപ്രദേശ് ഹൈക്കോടതി

മൊണാലിസ ഭോസ്‌ലെയും ഭർത്താവ് ഫർമാൻ ഖാനും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭർത്താവിനും ആശ്വാസം;പൊലീസ് നടപടി താൽക്കാലികമായി വിലക്കി മധ്യപ്രദേശ് ഹൈക്കോടതി
dot image

ഭോപ്പാൽ: കുംഭമേളയിലെ വൈറൽ മൊണാലിസ ഭോസ്‌ലെക്കും ഭർത്താവ് ഫർമാൻ ഖാനും ആശ്വാസവുമായി മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്. ദമ്പതികൾക്ക് എതിരായ പൊലീസ് നടപടി രണ്ടാഴ്ചത്തേയ്ക്ക് മധ്യപ്രദേശ് ഹൈക്കോടതി വിലക്കി. മൊണാലിസ ഭോസ്‌ലെയും ഭർത്താവ് ഫർമാൻ ഖാനും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാകാതെ വിവാഹം ചെയ്തു എന്ന പരാതിയിൽ മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇതോടെ ദമ്പതികൾക്ക് കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരിക്കുന്നത്. മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റിന്റെ യഥാർത്ഥ രേഖ പുനഃസ്ഥാപിക്കാനും സർക്കാർ രേഖകളിൽ നടന്നതായി ആരോപിക്കുന്ന കൃത്രിമത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താനും ഇരുവരും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഗജേന്ദ്ര സിങ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മൊണാലിസയുടെ പിതാവ് നല്‍കിയ പരാതിയില്‍ അവരുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനെ മധ്യപ്രദേശ് പൊലീസ് നേരത്തെ പ്രതി ചേർത്തിരുന്നു. പെണ്‍കുട്ടിയെ ഫര്‍ഹാന്‍ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്ത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫർമാന്‍ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നേടാന്‍ രേഖകള്‍ തിരുത്തിയെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം. ഫര്‍ഹാന്‍ ഖാനെതിരെ പട്ടികജാതി പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തിയിട്ടുണ്ട്. ജനന രജിസ്ട്രാറുടെ മുന്നില്‍ വ്യാജ വിവരം നല്‍കി സര്‍ട്ടിഫിക്കറ്റ് നേടിയെന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്. ഇതിന് ബിഎന്‍എസ് അനുസരിച്ച് വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തും. പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമാണ് പ്രായം. സര്‍ട്ടിഫിക്കറ്റിലെ ജനന ദിവസവും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. പെണ്‍കുട്ടിയുടെ വിവാഹം അസാധുവാണ് എന്നായിരുന്നു മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.

മൊണാലിസയുടെ പിതാവ് മതാന്തര വിവാഹം കുറ്റകരമാക്കാൻ ഗൂഢാലോചന നടത്തി തന്റെ ജനനരേഖകൾ കൃത്രിമമായി തിരുത്തുകയും, തട്ടിക്കൊണ്ടുപോകൽ ആരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്നാണ് ദമ്പതികൾ ഹർജിയിൽ ആരോപിക്കുന്നത്. ഇതിനിടെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ദമ്പതികൾ കേരള ഹൈക്കോടതിയെ സമീപിക്കുകയും കോടതി താൽക്കാലിക സംരക്ഷണം അനുവദിക്കുകയും ചെയ്തു. തുടർന്ന് മധ്യപ്രദേശിലെ യോഗ്യമായ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിനായി ഫർമാൻ ഖാന് ട്രാൻസിറ്റ് ജാമ്യവും കേരള ഹൈക്കോടതി അനുവദിച്ചു. ശേഷം ഫർമാൻ ഖാൻ മധ്യപ്രദേശ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും, ഭാര്യയുടെ യഥാർത്ഥ ജനനത്തീയതി സംബന്ധിച്ച തർക്കം വിചാരണയിൽ തെളിയിക്കേണ്ട വിഷയമാണെന്നും അത് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ തീരുമാനിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി കോടതി അപേക്ഷ തള്ളി. ഹർജിക്കാർ നൽകിയ ഫോൺ നമ്പറിലൂടെയോ വിലാസത്തിലൂടെയോ അവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് ദമ്പതികൾക്ക് നേരത്തെ അനുവദിച്ചിരുന്ന പൊലീസ് സംരക്ഷണവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി പിന്നീട് പിൻവലിച്ചിരുന്നു.

മഹാകുംഭമേളയിൽ രുദ്രാക്ഷമാലകൾ വിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൊണാലിസ ഭോസ്‌ലെ ദേശീയ ശ്രദ്ധ നേടിയത്. പിന്നീട് സിനിമാ താരമായി മാറിയ മൊണാലിസ ഭോസ്‌ലെ ഫർമാൻ ഖാനുമായി പ്രണയത്തിലാവുകയായിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ സമയത്ത് 2026 മാർച്ചിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെയാണ് വിവാഹത്തിനെതിരായ തടസ്സ വാദങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്.

Content Highlights: The Madhya Pradesh High Court has granted interim protection to viral Kumbh Mela personality Monalisa Bhosle and her husband, temporarily restraining police action in a case linked to their interfaith marriage and alleged birth certificate forgery.

dot image
To advertise here,contact us
dot image