

ന്യൂഡല്‍ഹി: സിജെപി സമരത്തിന് പിന്തുണയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. സമരത്തിന് പിന്തുണ അറിയിച്ച് അടുത്ത ദിവസം തന്നെ ജന്തര്‍ മന്തറില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സിജെപി സമരത്തിന് രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തര്‍ മന്തറില്‍ പോകണം. രാജ്യത്തെ യുവാക്കളില്‍ വിശ്വാസമുള്ള എല്ലാവരും സിജെപിയുടെ സമരത്തിന് പിന്തുണ നൽകാൻ അവിടെ എത്തണം. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ജൂലൈ 20-ാം തീയതി ഉദ്ധവ് താക്കറെ ജന്തര്‍ മന്തറില്‍ എത്തുമെന്നാണ് വിവരം.
സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം പതിനാറ് ദിവസം പിന്നിടുകയാണ്. ജൂൺ 27-ാം തീയതിയായിരുന്നു സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. പതിനാറ് ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാരം 8.2 കിലോ കുറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മര്‍ദ്ദവും കുറഞ്ഞു. സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ വീണ്ടും രംഗത്തെത്തി.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ 20-ാം തീയതിയായിരുന്നു സിജെപി ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്. സിജെപിയുടെ സമരം തിങ്കളാഴ്ച 24 ദിവസം പിന്നിടുകയാണ്. നിരവധി പേരാണ് സിജെപിക്കും സോനം വാങ്ചുക്കിനും പിന്തുണ പ്രഖ്യാപിച്ച് ജന്തര്‍ മന്തറിലേക്ക് എത്തുന്നത്.
ആംആദ്മി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്നു അതിഷി മർലേന സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച ജന്തര്‍ മന്തറില്‍ എത്തിയിരുന്നു. സിപിഐഎം എംപി അമ്ര റാം, ആന്ധ്രാപ്രദേശിലേയും രാജസ്ഥാനിലേയും മുതിര്‍ന്ന സിപിഐഎം നേതാക്കൾ അടക്കമുള്ളവർ ഇന്ന് സമരപ്പന്തലില്‍ എത്തി. കഴിഞ്ഞ ദിവസം സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ, നടന്‍ പ്രകാശ് രാജ്, അടക്കമുള്ളവര്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. നേരത്തേ രാജ്യസഭാ എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, സിപിഐ നേതാവ് ആനി രാജ അടക്കമുള്ളവര്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജീവനൊടുക്കിയ ഉത്തരാഖണ്ഡ് സ്വദേശിനി റിയാ കുമാരിയുടെ പിതാവും കാര്‍ഗില്‍ യുദ്ധ പോരാളിയുമായ മുന്‍ സൈനികന്‍ രാജേഷ് ഥാപ്പയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു.
Content Highlights- Uddhav Thackeray extended support to the CJP protest, while Sonam Wangchuk continued his hunger strike. Reports stated that Wangchuk’s body weight has reduced by 8.2 kilograms during the protest.