ദുബായിലെ ക്ലാസ് മുറിയില്‍ നിന്ന് ആഗോള ശ്രദ്ധയിലേക്ക്;വൈറലായി 'കല്യാണി'

സ്‌നൂപ് ഡോഗിന്റെ റീപോസ്റ്റ് തങ്ങളെ പൂര്‍ണമായും അമ്പരപ്പിച്ച സംഭവമായിരുന്നുവെന്നാണ് ലെന്‍ പ്രസാദ് പറഞ്ഞത്

ദുബായിലെ ക്ലാസ് മുറിയില്‍ നിന്ന് ആഗോള ശ്രദ്ധയിലേക്ക്;വൈറലായി  'കല്യാണി'
dot image

ദുബായില്‍ ജനിച്ച് വളര്‍ന്ന മലയാളി ചലച്ചിത്ര പ്രവര്‍ത്തകന്‍ ലെന്‍ പ്രസാദ് ഒരുക്കിയ വൈറല്‍ മലയാളം മ്യൂസിക് വീഡിയോ 'കല്യാണി' ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയാണ്. ലോകപ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്‌നൂപ് ഡോഗ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഗാനത്തിന്റെ വീഡിയോ റീപോസ്റ്റ് ചെയ്തതും, ഇന്ത്യയിലെ പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍ പങ്കാളിയായ പുതിയ പതിപ്പ് പുറത്തിറങ്ങിയതും 'കല്യാണി'യെ ആഗോള പ്രേക്ഷകരിലേക്ക് കൂടുതല്‍ എത്തിച്ചിരിക്കുകയാണ്.

സ്‌നൂപ് ഡോഗിന്റെ റീപോസ്റ്റ് തങ്ങളെ പൂര്‍ണമായും അമ്പരപ്പിച്ച സംഭവമായിരുന്നുവെന്നാണ് ലെന്‍ പ്രസാദ് പറഞ്ഞത്. സ്‌നൂപ് ഡോഗിന്റെ മകനുമായി സൗഹൃദമുള്ളതിനാല്‍ വീഡിയോ അദ്ദേഹത്തിന് അയച്ചിരുന്നു. പിന്നീട് സ്‌നൂപ്പ് ഡോഗ് തന്നെ അത് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലോക സംഗീതരംഗത്തെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരില്‍ ഒരാളുടെ ഈ പിന്തുണ കല്യാണിയുടെ ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം 'കല്യാണി' 93 ദശലക്ഷത്തിലധികം സ്പോട്ടിഫൈ സ്ട്രീമുകള്‍ സ്വന്തമാക്കി. കേരളത്തിന് പുറത്തും ഇന്ത്യയിലുടനീളവും വിദേശരാജ്യങ്ങളിലുമുള്ള സംഗീതാസ്വാദകര്‍ ഗാനത്തെ ഏറ്റെടുത്തതോടെ ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ശ്രദ്ധേയമായ ട്രെന്‍ഡായി മാറി. നിരവധി പേര്‍ ഗാനത്തിന് റീലുകളും ഡാന്‍സ് വീഡിയോകളും ഒരുക്കിയതോടെ അതിന്റെ ജനപ്രീതി വീണ്ടും ഉയര്‍ന്നു.


ഗാനം വലിയ വിജയമായതിന് പിന്നാലെയാണ് പുതിയ റീമിക്സ് പതിപ്പ് പുറത്തിറക്കിയത്. പുതിയ പതിപ്പില്‍ ശ്രേയ ഘോഷാലിന്റെ ശബ്ദം ഉള്‍പ്പെടുത്തിയതിലൂടെ ഗാനത്തിന് പുതിയൊരു ഭാവവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യതയും ലഭിച്ചു. ഒരു സ്ത്രീ ശബ്ദത്തിന്റെ സ്പര്‍ശം ഗാനത്തിന് വേണമെന്ന ആഗ്രഹമാണ് ശ്രേയ ഘോഷാലിനെ സമീപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ലെന്‍ പ്രസാദ് പറഞ്ഞു. വീഡിയോ റിലീസ് ചെയ്യുന്നതുവരെ ശ്രേയയുടെ പങ്കാളിത്തം രഹസ്യമാക്കി വെച്ചത് ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മ്യൂസിക് വീഡിയോയില്‍ നടിയും നര്‍ത്തകിയുമായ സാനിയ അയ്യപ്പന്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ദുബായില്‍ താമസിച്ചിരുന്നെങ്കിലും കേരളവുമായി ബന്ധം നിലനിര്‍ത്തി സിനിമാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത് എന്ന് ലെൻ പ്രസാദ് പറഞ്ഞു. അപ്രതീക്ഷിത ആഗോള അംഗീകാരം തന്റെ ഭാവി പദ്ധതികള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത് എന്ന് ലെന്‍ പറഞ്ഞു. മലയാളം ഉള്ളടക്കങ്ങള്‍ ലോകവേദിയില്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഇത്തരം അംഗീകാരങ്ങള്‍ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായിലെ ഒരു ക്ലാസ് മുറിയില്‍ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: 'Kalyani' has captured global attention after going viral from a classroom in Dubai. The remarkable story has drawn widespread appreciation on social media, highlighting the power of creativity and digital reach.

dot image
To advertise here,contact us
dot image