

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ കോണ്‍ഗ്രസിനെയും സമാജ്‌വാദി പാര്‍ട്ടിയെയും വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'രാമക്ഷേത്രത്തിലെ സംഭാവന മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും വഖഫ് ഭൂമി വിഷയത്തില്‍ മൗനം പാലിക്കുകയാണ്. വഖഫ് കാര്യങ്ങളില്‍ വരുമ്പോള്‍ മാത്രം എസ്പിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും വായ ഫെവിക്കോളിട്ട് അടച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?'; എന്നാണ് യോഗി ചോദിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ സനാതന ധര്‍മ്മത്തെ ആക്രമിക്കുന്നു എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ഹിന്ദുക്കളെ വെടിവെയ്ക്കാന്‍ ഉത്തരവിട്ടവരാണ് സമാജ്‌വാദി പാര്‍ട്ടിയെന്നും യോദി ആദിത്യനാഥ് കുറ്റപ്പെടുത്തി. പാവങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡുകള്‍ കയ്യേറി ക്രയവിക്രയം നടത്തുന്നെന്നും യോഗി ആരോപിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും പ്രതികരിച്ചില്ലെന്നും യോഗി കുറ്റപ്പെടുത്തി.
അയോധ്യ രാമക്ഷേത്ര ക്രമക്കേട് എസ്‌ഐടി പുറത്ത് കൊണ്ട് വരുമെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
അതിനിടെ അയോധ്യ രാമക്ഷേത്ര കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 27 മുതൽ ജൂണ്‍ 5 വരെയുള്ള സിസിടിവി ദൃശ്യങ്ങളിൽ എഴുപത് തവണ പ്രതികള്‍ പണമടക്കം മോഷ്ടിക്കുന്നത് വ്യക്തമായിട്ടുണ്ട്. ഏപ്രില്‍ 27ന് മുമ്പുള്ള ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ എസ്‌ഐടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റില്‍ നിന്നും ചമ്പത് റായിയും അനില്‍ മിശ്രയും രാജിവച്ചതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ആരുമറിയാതെ എങ്ങനെയാണ് മോഷ്ടാക്കള്‍ തട്ടിപ്പ് നടത്തിയത് എന്നതിന്റെ വ്യക്തമായ വിവരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
ഇന്നലെയാണ് അയോധ്യ രാമക്ഷേത്ര തീർത്ഥ ട്രസ്റ്റിൽ നിന്ന് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് രാജിവെച്ചത്. ട്രസ്റ്റ് യോഗമാണ് ചമ്പത്ത് റായ്, അനിൽ മിശ്ര എന്നിവരുടെ രാജി സ്വീകരിച്ചത്.കൃഷ്ണ മോഹൻ ഇടക്കാല ജനറൽ സെക്രട്ടറിയാകും. രാമക്ഷേത്ര സംഭാവന കൊള്ള കോടിക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെടുത്തി എന്നാണ് അയോധ്യയിൽ ഇന്ന് ചേർന്ന ക്ഷേത്ര ട്രസ്റ്റ് യോഗം വിലയിരുത്തിയത്. പിന്നാലെ മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, അംഗം അനിൽ മിശ്ര എന്നിവരുടെ രാജി ട്രസ്റ്റ് യോഗം സ്വീകരിച്ചത്. ആകെയുള്ള ട്രസ്റ്റ് അംഗങ്ങളിൽ ഒൻപത് പേരും യോഗത്തിൽ പങ്കെടുത്തിരുന്നു. അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ഗിരി അറിയിച്ചിരുന്നു.
Content Highlights: Uttar Pradesh Chief Minister Yogi Adityanath criticised the Congress and the Samajwadi Party while commenting on the Ayodhya Ram Temple donation theft case.