തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിൻ്റെ ഗൂഢാലോചന?; സംസ്ഥാന ഇന്റലിജൻസ് റിപ്പോര്‍ട്ട് പുറത്ത്

സംഭവം ചര്‍ച്ചയായതോടെ ഡിഎംകെയെ കടന്നാക്രമിച്ച് ടിവികെ എംഎല്‍എമാരും രംഗത്തെത്തിയിട്ടുണ്ട്

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിൻ്റെ ഗൂഢാലോചന?; സംസ്ഥാന ഇന്റലിജൻസ് റിപ്പോര്‍ട്ട് പുറത്ത്
dot image

ചെന്നൈ: തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന ശ്രമത്തെ തകര്‍ത്തതായി സംസ്ഥാന ഇന്റലിജന്‍സ്. വിജയ് നയിക്കുന്ന ടിവികെ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തി രണ്ട് മാസമാകുന്നതിന് മുമ്പാണ് ഇത്തരത്തിലൊരു ശ്രമം. സര്‍ക്കാരിനെ താഴെയിറക്കാന്‍ 15 ടിവികെ എംഎല്‍എമാരെ രാജിവയ്പ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഉത്തങ്കരായ് മണ്ഡലത്തിലെ ടിവികെ എംഎല്‍എ എന്‍ ഇളയരാജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തുവന്നത്. ഐപിഡിഎസ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ നിന്നും 35കോടിയുടെ വാഗ്ദാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. അന്വേഷണത്തില്‍ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടിവികെ നേതാവും തമിഴ്‌നാട് നിയമസഭ സ്പീക്കറുമായ ജെസിഡി പ്രഭാകറിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്നതായിരുന്നു എംഎൽഎയോട് പണം വാഗ്ദാനം ചെയ്തവര്‍ ആവശ്യപ്പെട്ടത്. പിന്നീട് ഭീഷണിപ്പെടുത്തുന്ന സ്വരത്തോടെയായിരുന്നു ഇവരുടെ ഇടപെടലെന്നും എംഎല്‍എയുടെ പരാതിയിലുണ്ട്. ഇക്കാര്യങ്ങള്‍ ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിയും അദ്ദേഹത്തിൻ്റെ സഹോദരന്‍ അശോകുമായും ബന്ധമുള്ള ആളെയാണ് ആദ്യം അറസ്റ്റ് ചെയ്തതെന്ന വിവരവും ചില വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിവിടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കൺസൾട്ടൻസി ജീവനക്കാരന് പുറമെ രണ്ട് പേരും കൂടി സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ആദ്യത്തെ അറസ്റ്റ് ചെന്നൈയില്‍ നിന്നായിരുന്നു. മറ്റ് രണ്ട് പേരെ കരൂര്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ പങ്കാളികളായ വലിയ കണ്ണികളെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവം ചര്‍ച്ചയായതോടെ ഡിഎംകെയെ കടന്നാക്രമിച്ച് ടിവികെ എംഎല്‍എമാരും രംഗത്തെത്തിയിട്ടുണ്ട്. സെന്തില്‍ ബാലാജിയുമായും കരൂര്‍ സംഘവുമായും ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്ന് തമിഴ്‌നാട് മന്ത്രി സി ടി നിര്‍മല്‍ കുമാര്‍ ആഞ്ഞടിച്ചു. ഇത്തരം ഹീനമായ പ്രവര്‍ത്തികൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജയ് നയിക്കുന്ന സര്‍ക്കാരിനെ താഴെയിറക്കാന്‍ എഐഎഡിഎംകെ അധ്യക്ഷന്‍ എടപ്പാടി കെ പഴനിസ്വാമിയെ കൂട്ടുപിടിക്കുകയാണ് ഡിഎംകെയെന്നും പല ടിവികെ എംഎല്‍മാര്‍ക്കും പണം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും ഉദയനിധിയുടെയും നിര്‍ദേശ പ്രകാരം സെന്തില്‍ ബാലാജിയെ പോലെ പ്രമുഖരായ പലരും ടിവികെ എംഎല്‍എമാരെ ബന്ധപ്പെടുന്നുണ്ടെന്നും പത്തും ഇരുപതും മുതല്‍ അമ്പത് കോടി വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും നിര്‍മല്‍ കുമാര്‍ ആരോപിച്ചു. ഒരൊറ്റ എംഎല്‍എയെ പോലും അവര്‍ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുജനങ്ങള്‍ക്കിടയില്‍ ടിവികെ അവരുടെ വിവരണം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഡിഎംകെ വക്താവ് എ ശരവണന്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. അത്രയും ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്യാനും അദ്ദേഹം വെല്ലുവിളിച്ചു. കരൂരില്‍ വിജയ് സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ സെന്തിലിനെതിരെ വിജയ് ആരോപണം ഉന്നയിച്ചിരുന്നു. റാലിക്കിടയിലുണ്ടായ ദുരന്തത്തിന് പിന്നില്‍ സെന്തിലിന്റെ ഗൂഢാലോചനയാണെന്നാണ് വിജയ് ആരോപിച്ചത്.

Content Highlights: A state intelligence report has sparked political debate over allegations of a sabotage plot targeting Chief Minister Vijay's government and involving former Chief Minister M K Stalin. The claims have drawn attention amid ongoing political developments in Tamil Nadu

dot image
To advertise here,contact us
dot image