900 വജ്രങ്ങള്‍, 18 കാരറ്റ് സ്വർണം; ദുബൈയിൽ ആഡംബര ലോകകപ്പ് ട്രോഫി നിർമിച്ച് ശ്രദ്ധേയനായി ഇന്ത്യൻ ജ്വല്ലറി ഉടമ

ആഡംബര ട്രോഫിയുടെ നിര്‍മാണത്തിനായി 18 കാരറ്റ് സ്വര്‍ണവും 900 വജ്രങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്

900 വജ്രങ്ങള്‍, 18 കാരറ്റ് സ്വർണം; ദുബൈയിൽ ആഡംബര ലോകകപ്പ് ട്രോഫി നിർമിച്ച് ശ്രദ്ധേയനായി ഇന്ത്യൻ ജ്വല്ലറി ഉടമ
dot image

ദുബായിൽ ജ്വല്ലറി ഉടമയായ ഇന്ത്യക്കാരനും മകനുമാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകകപ്പ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ദുബായിലെ പാഷന്‍ ജ്വല്ലറി ഉടമയും സ്വര്‍ണ വ്യാപാരിയുമായ ഹേമന്ത് കരംചാന്തനിയാണ് ലോകകപ്പ് ആരാധകര്‍ക്ക് കൗതുകകരമായ ആഡംബര ട്രോഫി നിര്‍മ്മിച്ചത്. ആഡംബര ട്രോഫിയുടെ നിര്‍മാണത്തിനായി 18 കാരറ്റ് സ്വര്‍ണവും 900 വജ്രങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പത്തു വയസുള്ള തന്റെ മകന്റെ മുറിയില്‍ നിന്നുമാണ് ഇങ്ങനെയൊരു പ്രോജക്‌ടിലേക്ക് എത്തിയത് എന്ന് ഹേമന്ത് പറയുന്നു. തൻ്റെ മകൻ കളിസാധനങ്ങൾ ഉപയോഗിച്ച് ട്രോഫി ഉണ്ടാക്കുന്നത് കണ്ടെന്നും ആ പരിശ്രമത്തെ അഭിനന്ദിക്കാനാണ് ട്രോഫിയിൽ സ്വർണം പൊതിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അവന്‍ എത്രത്തോളം ഫുട്ബോൾ ട്രോഫിയെ സ്‌നേഹിക്കുന്നുണ്ടെന്നും രണ്ട് മൂന്ന് ദിവസം സമയം എടുത്ത് ട്രോഫി നിര്‍മ്മിച്ചതും കണ്ടു. അവന്റെ കഴിവിനെയും പരിശ്രമത്തേയും അഭിനന്ദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ട്രോഫി നിര്‍മ്മിച്ചതും അതില്‍ എൻ്റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തത്' എന്ന് ഹേമന്ത് വ്യക്തമാക്കി. പിന്നീട് ഈ ആശയം കൂടുതല്‍ വിപുലമാവുകയും ഫിഫ ലോകകപ്പ് ട്രോഫിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതുല്യമായ ആഡംബര സൃഷ്ടിയായി മാറുകയും ചെയ്തെന്നും ഹേമന്ത് പറഞ്ഞു.

ട്രോഫിയുടെ നിര്‍മാണത്തിനായി സ്വർണവും വജ്രങ്ങളും ഉപയോഗിച്ചു. ഒരു മാസം കൊണ്ടാണ് ഈ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ട്രോഫിയുടെ മൂല്യം ഏകദേശം മൂന്ന് ലക്ഷം ദിര്‍ഹം ആണെങ്കിലും ഇത് വില്‍പ്പനയ്ക്കല്ലെന്ന് ഹേമന്ത് വ്യക്തമാക്കി. ഫിഫ വേള്‍ഡ് കപ്പ് ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്ന ഈ സമയം തന്നെയാണ് തൻ്റെ ട്രോഫിയുടെ ഉചിതമായ സമയമെന്നും ഹേമന്ത് പറഞ്ഞു.

ട്രോഫി യുഎഇയിലെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫുട്‌ബോള്‍ അക്കാദമികളിലും പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി. കുട്ടികള്‍ക്ക് പ്രചോദനമാകുകയും പിന്നീട് ഇത് ആരാധകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കുകയും ചെയ്യണമെന്നാണ് ആഗ്രഹം. ഒടുവില്‍ ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറില്‍ ഈ ട്രോഫിക്ക് സ്ഥിരം സ്ഥാനം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇത് വിനോദസഞ്ചാരികള്‍ കാണുകയും ദുബായ് നഗരത്തിന്റെ സര്‍ഗ്ഗാത്മകത, നവീകരണം, പരിധികളില്ലാത്ത സാധ്യതകള്‍ എന്നിവ ലോകം തിരിച്ചറിയുകയും ചര്‍ച്ചചെയ്യണമെന്നും ഹേമന്ത് പറഞ്ഞു.

25 വര്‍ഷമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഹേമന്ത് ഇതിന് മുമ്പ് 2019ല്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ വജ്രം പതിപ്പിച്ച ഷൂസും സ്വര്‍ണം, വജ്രം, റൂബി എന്നിവ ഉപയോഗിച്ച് മക്ഡൊണാള്‍ഡ്‌സ് ഫ്രെഞ്ച് ഫ്രൈസിന്റെ ശില്‍പവും സ്വര്‍ണവും വജ്രവും കൊണ്ടുള്ള കുഞ്ഞിന്റെ പാസിഫയറും ഉള്‍പ്പെടെയുള്ള വ്യത്യസ്ത ആഡംബര സൃഷ്ടികളും നിര്‍മിച്ചിട്ടുണ്ട്.

Content Highlights: A Dubai jewellery company has created a luxury World Cup trophy featuring 900 diamonds

dot image
To advertise here,contact us
dot image