ITR മുതൽ ട്രെയിൻ യാത്ര വരെ; ജൂലൈ 1 മുതൽ 7 വലിയ മാറ്റങ്ങൾ,നിങ്ങളെ ബാധിക്കുന്നതെങ്ങനെ?

പാസ്‌പോർട്ട് അപേക്ഷ, പുതുക്കൽ, അധിക പേജുകൾ, ടാറ്റ്കാൽ സേവനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളുടെ ഫീസ് വർധിച്ചു

ITR മുതൽ ട്രെയിൻ യാത്ര വരെ; ജൂലൈ 1 മുതൽ 7 വലിയ മാറ്റങ്ങൾ,നിങ്ങളെ ബാധിക്കുന്നതെങ്ങനെ?
dot image

ജൂലൈ 1 മുതൽ രാജ്യത്തെ സാധാരണക്കാരുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളെ നേരിട്ട് ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവർ, ബാങ്ക് ഉപഭോക്താക്കൾ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ, ആധാർ പുതുക്കാൻ ആഗ്രഹിക്കുന്നവർ, പാസ്‌പോർട്ട് അപേക്ഷകർ, ട്രെയിൻ യാത്രക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളെയാണ് പുതിയ മാറ്റങ്ങൾ ബാധിക്കുക. ചില സേവനങ്ങൾക്ക് അധിക ഫീസ് നൽകേണ്ടി വരുമ്പോൾ, ചിലയിടങ്ങളിൽ പുതിയ ഇളവുകളും ലഭിക്കും. പ്രധാന മാറ്റങ്ങൾ അറിയാം

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കൂടുതൽ സമയം

2025-26 സാമ്പത്തിക വർഷത്തിനായുള്ള ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന തീയതി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) നേരത്തെ പ്രഖ്യാപിച്ചതുപോലെ ജൂലൈ 31ൽ നിന്ന് സെപ്റ്റംബർ 15, 2026 വരെ നീട്ടിയിട്ടുണ്ട്. പ്രധാനമായും ITR-1 (Sahaj), ITR-2 ഫോമുകൾ സമർപ്പിക്കുന്ന വ്യക്തികൾക്കാണ് ഈ ഇളവ് ലഭിക്കുക. പുതിയ ITR ഫോമുകൾ, പ്രീ-ഫിൽഡ് ഡാറ്റ, ഇ-ഫയലിംഗ് സംവിധാനത്തിലെ സാങ്കേതിക അപ്ഡേറ്റുകൾ എന്നിവ പൂർത്തിയാക്കുന്നതിനാണ് സമയപരിധി നീട്ടിയത്.

സൗജന്യ ആധാർ അപ്ഡേറ്റിന് ഇനി ഇല്ല

കഴിഞ്ഞ ഏതാനും മാസങ്ങളായി UIDAI നൽകിയിരുന്ന സൗജന്യ ഓൺലൈൻ ആധാർ അപ്ഡേറ്റ് സൗകര്യം ജൂൺ 30ന് അവസാനിച്ചു. ഇനി മുതൽ പേര്, വിലാസം, ജനനത്തീയതി, മറ്റ് ജനസംഖ്യാപരമായ വിവരങ്ങൾ എന്നിവ പുതുക്കുന്നതിന് നിശ്ചിത ഫീസ് ഈടാക്കും. ആധാർ സെന്ററുകളിലൂടെയോ ഓൺലൈനായോ അപേക്ഷിക്കുമ്പോൾ UIDAI നിശ്ചയിച്ചിരിക്കുന്ന ഫീസ് നൽകണം. ആധാർ വിവരങ്ങൾ പുതുക്കുന്നത് ഭാവിയിലെ ബാങ്കിങ് പാൻ ലിങ്കിങ്, സർക്കാർ സേവനങ്ങൾ എന്നിവയ്ക്ക് അനിവാര്യമാണ്.

SBI ക്രെഡിറ്റ് കാർഡുകളിൽ പുതിയ ചാർജുകളും ആനുകൂല്യ മാറ്റങ്ങളും

എസ്ബിഐ ക്രെഡിറ്റ് കാർഡ്, ജൂലൈ 1 മുതൽ നിരവധി കാർഡുകളുടെ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചില കാർഡുകളിൽ ലഭിച്ചിരുന്ന റിവാർഡ് പോയിന്റുകൾ കുറച്ചു. കൂടാതെ ചില വിഭാഗങ്ങളിലെ ചെലവുകൾക്ക് ലഭിച്ചിരുന്ന ക്യാഷ്ബാക്ക് ഇനി ലഭിക്കില്ല. കോ-ബ്രാൻഡഡ് കാർഡുകളിലെ ചില പ്രത്യേക ആനുകൂല്യങ്ങളും പിൻവലിച്ചതിനോടൊപ്പം ഇൻഷുറൻസ് ആനുകൂല്യങ്ങളിലും മാറ്റങ്ങൾ നിലവിൽ വന്നു.

HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും പുതിയ നിബന്ധനകൾ

ജൂലൈ 1 മുതൽ ചില പ്രീമിയം എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡുകളുടെ ആനുകൂല്യങ്ങളിൽ മാറ്റം നടപ്പാക്കിയിരിക്കുകയാണ്. പ്രധാനമായും, എയർപോർട്ട് ലൗഞ്ച് സൗകര്യം ലഭിക്കാൻ ഇനി നിശ്ചിത തുക ചെലവഴിക്കാണണം. ചില കാർഡുകളുടെ റിവാർഡ് സംവിധാനം പരിഷ്കരിച്ചപ്പോൾ യാത്രാ ആനുകൂല്യങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കാർഡ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാകും ചില സൗജന്യ സേവനങ്ങൾ ലഭിക്കുക.

പാസ്‌പോർട്ട് സേവനങ്ങൾക്ക് കൂടുതൽ ഫീസ്

ജൂലൈ 1 മുതൽ പാസ്‌പോർട്ട് അപേക്ഷ, പുതുക്കൽ, അധിക പേജുകൾ, തൽക്കാൽ സേവനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളുടെ ഫീസ് വർധിച്ചു. സാധാരണ പാസ്‌പോർട്ട് അപേക്ഷ മുതൽ തൽക്കാൽ അപേക്ഷ വരെ വിവിധ വിഭാഗങ്ങളിൽ പുതുക്കിയ നിരക്കുകൾ ബാധകമാണ്. 36 പേജുള്ള പുതിയ/പുതുക്കിയ പാസ്‌പോർട്ട് 1,500ൽ നിന്ന് 2,500 ആക്കി ഉയർത്തിയപ്പോൾ 60 പേജുള്ള പാസ്‌പോർട്ടിനു 2,000ൽ നിന്ന് 3,500 ആയി. തൽക്കാൽ 36 പേജുള്ള പാസ്‌പോർട്ട് 3,500ൽ നിന്ന് 5,000 ആക്കിയപ്പോൾ 60 പേജുള്ള പാസ്‌പോർട്ടിനു 4,000ൽ നിന്ന് 6,000 ആക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്.

ബാങ്കുകളുടെ 'മിസ്-സെല്ലിങ്' തടയാൻ പുതിയ മാർഗനിർദേശങ്ങൾ

ഉപഭോക്താക്കൾക്ക് ആവശ്യമില്ലാത്ത ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ടുകൾ, നിക്ഷേപ പദ്ധതികൾ തുടങ്ങിയ സാമ്പത്തിക ഉൽപ്പന്നങ്ങൾ നിർബന്ധിച്ച് വിൽക്കുന്നത് തടയാൻ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു. ഇനി ബാങ്കുകൾ ഉപഭോക്താവിന്റെ ആവശ്യകത വിലയിരുത്തിയ ശേഷമേ ഇത്തരം ഉൽപ്പന്നങ്ങൾ നിർദേശിക്കാവൂ. ബാങ്കിംഗ് രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

ട്രെയിൻ യാത്രക്കാരെയും ബാധിക്കുന്ന മാറ്റങ്ങൾ

ജൂലൈ 1 മുതൽ ഇന്ത്യൻ റെയിൽവേയും ചില സുപ്രധാന മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ചില വിഭാഗം ട്രെയിനുകളുടെ യാത്രാ നിരക്കിൽ മാറ്റം ഏർപ്പെടുത്തിയപ്പോൾ ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പുതിയ നിബന്ധനകളും നിലവിൽ വരും.

ശ്രദ്ധിക്കേണ്ടത്

ജൂലൈ 1 മുതൽ നിലവിൽ വന്ന ഈ മാറ്റങ്ങൾ ഓരോരുത്തരുടെയും സാമ്പത്തിക ഇടപാടുകളെ നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നവയാണ്. അതിനാൽ പുതിയ നിയമങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ അധിക ചെലവും സേവന തടസങ്ങളും ഒഴിവാക്കാൻ കഴിയും. പ്രത്യേകിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരും ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരും, പാസ്‌പോർട്ട് അപേക്ഷിക്കാനൊരുങ്ങുന്നവരും പുതിയ ചട്ടങ്ങൾ നിർബന്ധമായും പരിശോധിക്കണം.

Content Highlights:7 important financial changes from July 1, 2026, that will impact taxpayers, bank customers and train passengers​

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us