

സ്വർണ്ണപ്രേമികൾക്കും നിക്ഷേപകർക്കും ഏറെ ആശ്വാസം നൽകിക്കൊണ്ട് യുഎഇയിൽ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നു. വിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം ജൂൺ മാസത്തിൽ പ്രതിഫലിച്ചിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി ഇപ്പോൾ യുഎഇ വിപണിയിൽ സ്വർണ്ണ വില കുറയുകയാണ്. ഗ്രാമിന് 60 ദിർഹത്തിലധികം വ്യത്യാസം ഈ മാസം മാത്രം വിപണിയിലുണ്ടായി.
ഇന്ന് രാവിലെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 478.50 ദിർഹമായി കുറഞ്ഞു. തിങ്കളാഴ്ച ഇത് 485.75 ദിർഹമായിരുന്നു. സമാനമായി 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 443 ദിർഹമായും കുറഞ്ഞിട്ടുണ്ട്. തലേദിവസം ഇതേ വിഭാഗത്തിന് 449.75 ദിർഹമായിരുന്നു വില.
ജൂണിലെ വിലക്കയറ്റത്തിന് ശേഷം വൻ ഇടിവ്
ജൂൺ മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണവില ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. ജൂൺ രണ്ടിന് 24 കാരറ്റ് സ്വർണ്ണത്തിന് 542.50 ദിർഹവും 22 കാരറ്റിന് 502.25 ദിർഹവുമായിരുന്നു ഈ വില. എന്നാൽ പുതിയ നിലവിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 64 ദിർഹവും 22 കാരറ്റിന് 59.25 ദിർഹവും കുറഞ്ഞിട്ടുണ്ട്.
ജൂൺ ആദ്യവാരത്തിന് ശേഷം പടിപടിയായി കുറഞ്ഞ വില ജൂൺ 10 ആയപ്പോഴേക്കും 24 കാരറ്റിന് 492.50 ദിർഹത്തിൽ എത്തിയിരുന്നു. മാസത്തിന്റെ പകുതിയോടെ വില വീണ്ടും ഉയർന്ന് 522 ദിർഹത്തിന് മുകളിൽ എത്തിയിരുന്നു. എങ്കിലും ജൂൺ അവസാന വാരത്തോടെ വില വീണ്ടും താഴേക്ക് പോവുകയും ഇന്ന് രാവിലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുകയുമായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ
ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ വൻ ഇടിവാണ് യുഎഇയിലെ വിലക്കുറവിനും കാരണമായത്. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഒരു ഔൺസിന് 4,000 ഡോളറിന് താഴേക്ക് പോയി. യുഎസ്-ഇറാൻ ചർച്ചകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ആശങ്കകളും നിക്ഷേപകരെ സ്വാധീനിച്ചതാണ് ഇതിന് കാരണം.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 1.8 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,943 ഡോളർ എന്ന നിരക്കിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ നവംബർ മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകൾ ദോഹയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തലുകൾ. ആഗോള വിപണിയിലെ ഈ അനിശ്ചിതത്വങ്ങൾ തുടരുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
Content Highlights: Gold prices in the UAE have dropped to their lowest point of the month, making it an attractive time for consumers to purchase jewellery and bullion. The decline is expected to boost demand among residents and investors.