

പനോരമ സ്റ്റുഡിയോസിന്റെ പുതിയ മലയാള ചിത്രം പ്രൊഡക്ഷന്‍ നമ്പര്‍ 4, ഇന്ന് കൊച്ചിയിലെ സ്റ്റുഡിയോയില്‍ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത നിര്‍മ്മാതാക്കളായ കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം 'അതിരന്‍', 'ദി ടീച്ചര്‍' എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ വിവേക് ആണ് സംവിധാനം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം, ദൃശ്യഭംഗിയും ദുരൂഹതയും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ കഥയിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച തിയേറ്റര്‍ അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും.
സംഗീത് പ്രതാപ്, അന്നാ ബെന്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്ന ബെന്‍ തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രത്തിലാണ് ഈ ചിത്രത്തില്‍ എത്തുന്നത്. സംഗീത് പ്രതാപും തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് പ്രൊഡക്ഷന്‍ നമ്പര്‍ 3യില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രവിശങ്കര്‍ ആണ് ഒരുക്കുന്നത്. സംവിധായകന്‍ വിവേകിനൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. രവിശങ്കര്‍ രചിച്ച 'പെണ്ണും പൊറോട്ടും' എന്ന ചിത്രം 2025-ലെ IFFI, IFFK ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടുകയും ചെയ്തിരുന്നു.

സാങ്കേതിക രംഗത്തും മികച്ച പ്രതിഭകളാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. കലാസംവിധായകന്‍ എം. ബാവ തന്റെ കരിയറിലെ 120- മത് ഫീച്ചര്‍ ഫിലിം ഈ ചിത്രത്തിലൂടെയാണ് പൂര്‍ത്തിയാക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചെറിന്‍ പോള്‍ ഈ ചിത്രത്തിലൂടെ ആദ്യമായി സിനിമയില്‍ ഛായാഗ്രാഹകനാകുന്നു. 'ഭ്രമയുഗം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മെല്‍വിന്‍ ജോയ് വസ്ത്രാലങ്കാരവും അമല്‍ കുമാര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കുന്നത് ഡോണ്‍ വിന്‍സെന്റ് ആണ്. സംഗീത സംവിധാനത്തില്‍ പ്രമുഖ ഇന്‍ഡിപെന്‍ഡന്റ് സംഗീതജ്ഞരും ചിത്രത്തില്‍ പങ്കുചേരും. 'എക്കോ' എന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫറായ ശ്രാവണ്‍ സത്യയാണ് ഈ ചിത്രത്തിന്റെയും ആക്ഷന്‍ ഒരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ് ആണ്.
പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പ്രൊഡക്ഷന്‍ നമ്പര്‍ 4, കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ നിര്‍മ്മിക്കുമ്പോള്‍ റാം മിര്‍ചന്ദാനി, രാജേഷ് മേനോന്‍ എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളും അഭിനവ് മെഹ്രോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ മാസം പകുതിയോടെ ആരംഭിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പേര് ഉള്‍പ്പെടെ മറ്റ് അഭിനേതാക്കളെയും മറ്റു പ്രധാന സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പി ആര്‍: പ്രതീഷ് ശേഖര്‍.
Content Highlights: Production has commenced on a Panorama Studios film starring Sangeeth Prathap and Anna Ben in the lead roles. It is directed by Vivek, the filmmaker behind notable movies such as Athiran and The Teacher.