ഇന്ത്യൻ നിർമാണമേഖലയ്ക്ക് തിരിച്ചടി; ജൂണിൽ വളർച്ചയുടെ വേഗം കുറഞ്ഞു

കയറ്റുമതി ഓർഡറുകളുടെ വളർച്ച കഴിഞ്ഞ 39 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

ഇന്ത്യൻ നിർമാണമേഖലയ്ക്ക് തിരിച്ചടി; ജൂണിൽ വളർച്ചയുടെ വേഗം കുറഞ്ഞു
dot image

രാജ്യത്തെ നിർമാണ മേഖലയിലെ വളർച്ച ജൂണിൽ മന്ദഗതിയിലായതായി HSBC ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ റിപ്പോർട്ട്. മേയിൽ 55.0 ആയിരുന്ന പിഎംഐ ജൂണിൽ 54.2 ആയി കുറഞ്ഞു. സൂചിക 50-ന് മുകളിലായതിനാൽ മേഖല ഇപ്പോഴും വളർച്ചയിലാണ് എന്നത് ആശ്വാസകരമാണെകിലും വളർച്ചയുടെ വേഗം കുറഞ്ഞുവെന്നത് അല്പം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ആഭ്യന്തര, വിദേശ വിപണികളിലെ ആവശ്യകത കുറഞ്ഞതാണ് ഉൽപാദനം, പുതിയ ഓർഡറുകൾ, കയറ്റുമതി, തൊഴിലവസരങ്ങൾ എന്നിവയെ ബാധിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതോടെ കയറ്റുമതി ഓർഡറുകളുടെ വളർച്ച കഴിഞ്ഞ 39 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

വ്യവസായ ആവശ്യങ്ങൾക്കുള്ള യന്ത്രങ്ങൾ നിർമ്മിക്കുന്ന മേഖലയിലാണ് ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായത്. അതേസമയം, ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും മറ്റ് വ്യവസായങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങളുടെയും നിർമാണം താരതമ്യേന മികച്ച നിലയിൽ തുടർന്നു. ആവശ്യകത കുറഞ്ഞതോടെ കമ്പനികൾ വിലവർധനയിൽ നിയന്ത്രണം പാലിച്ചു. ഇതോടെ വിൽപ്പന വിലയിലെ വർധന മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റ സമ്മർദ്ദവും ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. എന്നാൽ രാസവസ്തുക്കൾ, ലോഹങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, ഇലക്ട്രോണിക് ഘടകങ്ങൾ, റബർ, മരം എന്നിവയുടെ വില ഉയർന്നതായി കമ്പനികൾ അറിയിച്ചു.

ഡിമാൻഡ് കുറഞ്ഞതോടെ അസംസ്കൃത വസ്തുക്കളുടെ വാങ്ങലും പുതിയ തൊഴിലാളികളെ നിയമിക്കുന്നതും മന്ദഗതിയിലായി. 2026-ൽ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ തൊഴിൽ വളർച്ചയാണ് ജൂണിൽ രേഖപ്പെടുത്തിയത്. അടുത്ത 12 മാസത്തെ ബിസിനസ് പ്രതീക്ഷയും അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Content Highlights: India’s manufacturing activity moderates in June amid weaker demand: PMI

dot image
To advertise here,contact us
dot image