

തിരുവനന്തപുരം: ദേശാഭിമാനിക്കെതിരെ നിലപാട് പരസ്യമാക്കി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വിഴിഞ്ഞത്ത് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി വന്‍ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്ന് ദേശാഭിമാനി നല്‍കിയ വാര്‍ത്തയിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കാന്‍ ഓടരുതെന്നായിരുന്നു തോമസ് ഐസക്കിന്റെ പരിഹാസം. ദേശാഭിമാനി തെറ്റിദ്ധരിച്ചു അവര്‍ തിരുത്തിക്കോളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് എല്‍ഡിഎഫ് നേട്ടമെന്നായിരുന്നു ദേശാഭിമാനിയിലെ വാര്‍ത്ത. എന്നാല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറയി വിജയന്‍ വിഷയത്തില്‍ ആശങ്ക ഉന്നയിച്ചതോടെ പാര്‍ട്ടി പത്രം വെട്ടിലായി. ഇതിന് പിന്നാലെ വെബ്സൈറ്റിലെ ഇത് സംബന്ധിച്ച വാർത്തയും ദേശാഭിമാനി പിൻവലിച്ചിരുന്നു.
സമുദ്ര മിഷന്‍ സംബന്ധിച്ച പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ആശങ്കകളെ ശരിവെക്കുന്നതാണ് വിഴിഞ്ഞം ഓഹരി കൈമാറ്റമെന്നും ഐസക് ആരോപിച്ചു. കേരള സര്‍ക്കാരിനോട് ചര്‍ച്ച ചെയ്യാതെയാണ് അദാനി നടപടിയെടുത്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലം പുതിയ ബജറ്റ് നിര്‍ദ്ദേശമാണ്. ഏതെങ്കിലും ഘട്ടത്തില്‍ അദാനി കമ്പനി അധികൃതരുമായി ഓഹരി കൈമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഐസക് പറഞ്ഞു. ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ മുഖ്യമന്ത്രി മംഗലാപുരത്ത് പോയി അദാനിയുമായുള്ള ദുരൂഹമായ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമുണ്ടായി. സര്‍ക്കാരിനെ മറയത്തിരുത്തി ഇത്തരമൊരു നീക്കം അദാനി നടത്തിയെന്നത് അവിശ്വസനീയമെണെന്ന് പറഞ്ഞ ഐസക്ക് കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെപ്പറ്റി മുഖ്യമന്ത്രിയ്ക്ക് ധാരണയില്ലേയെന്നും ചോദിച്ചു.
ഇന്നലെയാണ് അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സി സ്വന്തമാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നത്. പിന്നാലെയാണ് ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം എല്‍ഡിഎഫ് നേട്ടമാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണിതെന്നും അവകാശവാദമുന്നയിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഇന്ന് നിയമസഭയില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഈ നിലപാട് തള്ളുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിയില്‍ 26 ശതമാനത്തിന് മുകളില്‍ വില്‍പ്പന നടത്തരുത് എന്നാണുള്ളതെന്നായിരുന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്. പഹല്‍ഗാം അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയുള്ള സ്ഥലമായാണ് കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞത്തെ കണ്ടത്. വിഴിഞ്ഞത്തില്‍ മൊണോപ്പോളി വരുന്നത് നല്ലതല്ല. പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുമെന്നും അദ്ദേഹം നിയമസഭയയില്‍ വിശദീകരിച്ചിരുന്നു.എല്ലാ കമ്പനികളുടെയും കപ്പല്‍ എത്തുന്ന കാര്യത്തില്‍ തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്. എംഎസ്സി എന്ന ഒറ്റ കപ്പല്‍ കമ്പനിയിലേക്ക് എല്ലാം ചുരുങ്ങുന്നതും ആശങ്കയാണ്. നമുക്ക് കിട്ടേണ്ട വരുമാനത്തില്‍ കുറവുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് പാര്‍ലമെന്ററി പാര്‍ട്ടി കമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കിയതോടെ ദേശാഭിമാനി വെട്ടിലായി. ഷിപ്പിങ് കുത്തകയുടെ നിക്ഷേപത്തില്‍ പിണറായി വിജയന്‍ ആശങ്ക ഉന്നയിച്ചതോടെ ഈ വാര്‍ത്ത ദേശാഭിമാനി വെബ്‌സൈറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് വിമര്‍ശനവുമായി തോമസ് ഐസക് രംഗത്ത് വന്നത്.
Content Highlights: CPM Central Committee member Thomas Isaac publicly questioned a Deshabhimani report that described the proposed MSC investment in Vizhinjam as an LDF achievement. His remarks came amid political debate over the issue, adding a fresh dimension to discussions surrounding the investment and the party newspaper's coverage.