

ഫുട്‌ബോള്‍ ലോകകപ്പ് അതിന്റെ ആവേശഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്‌പെയിനും ഫ്രാന്‍സും ഇംഗ്ലണ്ടും പോര്‍ച്ചുഗലും അര്‍ജന്റീനയും ബ്രസീലുമെല്ലാം കരുത്തോടെയാണ് കളിക്കുന്നതും. ഇതിനിടെ ഫ്രാന്‍സിന്റെ വിജയത്തെക്കുറിച്ച് ലമീന്‍ യമാലിനോട് ചോദ്യമുയര്‍ന്നു. പക്ഷെ, ഫ്രാന്‍സിലേറെ മികച്ച ടീം സ്‌പെയിനാണെന്ന വാദത്തിലാണ് താരം. മികച്ച ഫോമിലാണ് ഫ്രാന്‍സ് മുന്നേറുന്നതെങ്കിലും അവര്‍ക്ക് തങ്ങളേക്കാള്‍ മികച്ചവരാകാന്‍ കഴിയില്ലെന്ന് യമാല്‍ പറഞ്ഞു.
ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തെ മാത്രം അടിസ്ഥാനമാക്കിയല്ല. അതിനപ്പുറം എല്ലാ മത്സരങ്ങളെയും വിലയിരുത്തിയാകണം ഏറ്റവും ശക്തരായ ടീമിനെ കണ്ടെത്താന്‍. ഫ്രാന്‍സ് വളരെ മികച്ച ടീമാണെന്നും എന്നാല്‍ തങ്ങളേക്കാള്‍ അവര്‍ ഉയരത്തിലല്ലെന്നും ലമീന്‍ യമാല്‍ പറഞ്ഞു. ഈവര്‍ഷം സ്‌പെയിന്‍ കിരീടം ചൂടുമെന്നാണ് യമാലിന്റെ പക്ഷം. 'പേപ്പറില്‍ നോക്കുമ്പോള്‍ ഫ്രാന്‍സ് ശക്തരായ ടീം തന്നെയാണ്. അവര്‍ക്ക് മികച്ച കളിക്കാരുണ്ടാകാം, എന്നാല്‍ ഒരു ടീം എന്ന നിലയില്‍ നോക്കുമ്പോള്‍ അവര്‍ സ്പെയിനിനേക്കാള്‍ മികച്ചവരല്ല. ഞങ്ങള്‍ മൈതാനത്ത് കാണിക്കുന്ന ഒത്തൊരുമയും കളിശൈലിയും മറ്റാര്‍ക്കുമില്ല. യൂറോ കപ്പില്‍ ഞങ്ങള്‍ അത് തെളിയിച്ചതാണ്. ഈ ലോകകപ്പിലും ഞങ്ങള്‍ക്ക് ആരെയും ഭയമില്ല, കിരീടം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം' -ലമീന്‍ യമാല്‍ പറഞ്ഞു.
കേപ് വെര്‍ദെക്കെതിരെ സമനിലയോടെ ലോകകപ്പ് തുടങ്ങിയ സ്‌പെയിന്‍ പിന്നീട് സൗദിക്കെതിരെയും യുറഗ്വായ്‌ക്കെതിരെയും ജയിച്ചു. സൗദിക്കെതിരെ എതിരില്ലാത്ത നാലുഗോളിനായിരുന്നു ജയം. യുറഗ്വായിയെ 1-0ത്തിന് ജയിച്ചുകയറി. നോക്കൗട്ടില്‍ സ്‌പെയിന് എതിരാളി ഓസ്ട്രിയയാണ് എതിരാളി. വ്യാഴാഴ്ച അര്‍ധരാത്രി 12.30നാണ് മത്സരം. പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടാണ് സ്‌പെയിന്‍ കളിക്കാനിറങ്ങുന്നത്.
content highlights: 'France is not better than Spain' - Spanish teenage sensation Lamine Yamal on Spain's World Cup prospects