

ഭോപ്പാല്‍: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ലഭിച്ച ജീവപര്യന്തം ശിക്ഷ ഏഴു വര്‍ഷത്തെ കഠിനതടവായി കുറച്ച് മധ്യപ്രദേശ് ഹൈക്കോടതി. പ്രതി കൊലപാതകം നടത്തിയത് പെട്ടെന്നുള്ള പ്രകോപനമൂലമാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ല സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ വിവേക് അഗര്‍വാള്‍, അവനീന്ദ്രകുമാര്‍ സിങ് എന്നിവര്‍ അടങ്ങിയ ജബല്‍പൂര്‍ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ചിന്ദ്വാര ജില്ലയിലെ ചൗരായ് സ്വദേശിയായ ശിവ എന്നയാളുടെ ക്രിമിനല്‍ അപ്പീല്‍ വാദം കേട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 304 പാര്‍ട്ട് 1ന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2021 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. കുല്‍ബഹരി നദിയിലെ ഖാരാ ഘട്ടില്‍ നില്‍ക്കുമ്പോഴാണ് ശിവയും ഭാര്യ കിരണും തമ്മില്‍ തര്‍ക്കമുണ്ടായത്. നിങ്ങളെ പോലെ ആയിരം പേരെ തനിക്ക് ഭര്‍ത്താവായി ലഭിക്കുമെന്ന് കിരണ്‍ പറയുകയും ദേഷ്യത്തില്‍ സമീപമുണ്ടായിരുന്ന കല്ലുകൊണ്ട് ശിവ ഭാര്യയെ ഉപദ്രവിക്കുകയുമായിരുന്നു. ഏഴുമാസം ഗര്‍ഭിണിയായ കിരണിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ശിവ തന്നെയാണ് പൊലീസിനെയും കിരണിന്റെ വീട്ടുകാരെയും വിവരം അറിയിച്ചത്.
കിരണിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശം ശിവയ്ക്ക് ഉണ്ടായിരുന്നെങ്കില്‍, പ്രതി ഒരിക്കലും പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിക്കാന്‍ ശ്രമിക്കില്ലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. യുവതിയുടെ പരാമര്‍ശങ്ങളാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഇതാണ് അവരെ ഉപദ്രവിക്കാന്‍ കാരണമായത്. സുപ്രീം കോടതിയുടെ സമാനമായ വിധിയെ മുന്‍നിര്‍ത്തി ആസൂത്രിതമല്ലാത്ത നരഹത്യ എന്ന നിലയിലാണ് കോടതി വിചാരണ കോടതി വിധി റദ്ദാക്കിയത്.
Content Highlights: A court set aside the life sentence imposed on a man convicted of killing his pregnant wife. The ruling held that the act occurred under sudden provocation, leading the court to modify the punishment.