

അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI479 വിമാനമാണ് ജൂൺ 22-ന് നിമിഷ നേരത്തേയ്ക്ക് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. അമൃത്സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ 'ഗോ-എറൗണ്ട്' (Go-around) നടപടിക്കിടെയായിരുന്നു ഏതാനും നിമിഷത്തേയ്ക്ക് വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി എയർ ഇന്ത്യ ബുധനാഴ്ച സ്ഥിരീകരിച്ചത്. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA)-നെ അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
'ജൂൺ 22-ന് ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ AI479 വിമാനത്തിന്റെ ജീവനക്കാർ ഗോ-അറൗണ്ട് നടപടിക്കിടെ പാകിസ്താൻ വ്യോമാതിർത്തിയിൽ നേരിയ തോതിൽ പ്രവേശിച്ചു' എന്നായിരുന്നു എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചത്.
അട്ടാരി അതിർത്തിക്ക് സമീപം അന്താരാഷ്ട്ര അതിർത്തി മറികടന്ന് ഏതാണ്ട് രണ്ട് മിനിറ്റിൽ താഴെ സമയം വിമാനം പാകിസ്താൻ്റെ വ്യോമാതിർത്തിക്കുള്ളിൽ ഉണ്ടായിരുന്നു എന്നാണ് ലഭ്യമായ ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
അമൃത്സർ വിമാനത്താവളത്തിൽ കനത്ത തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഈ സാഹചര്യം ഉണ്ടായതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. നിരവധി വിമാനങ്ങളോട് ലാൻഡിംഗിന് മുമ്പ് ആകാശത്ത് ചുറ്റിക്കറങ്ങാനുള്ള 'ഗോ-എറൗണ്ടി'ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ AI479 വിമാനവും ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് സുരക്ഷാ നടപടിയുടെ ഭാഗമായി ഗോ-അറൗണ്ട് നടത്തുകയായിരുന്നു. ഇതിനിടെയായിരുന്നു വിമാനം ഏതാനും മിനിറ്റ് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. തുടർന്ന് ഉടൻ തന്നെ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് തിരിച്ചെത്തിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അമൃത്സർ വിമാനത്താവളത്തിലെ തിരക്ക് തുടർന്നതിനാൽ പിന്നീട് വിമാനം ബദൽ വിമാനത്താവളമായ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. അമൃത്സറിന് മുകളിലൂടെ കുറച്ചുസമയം വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് മടങ്ങിയതെന്നാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നത്. ഡൽഹിയിൽ ഇന്ധനം നിറച്ച ശേഷം അന്നേ ദിവസം വൈകുന്നേരം വിമാനം വീണ്ടും അമൃത്സറിലേക്ക് സർവീസ് നടത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
നേരത്തെ ഒരു പാകിസ്താൻ വിമാനവും ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂൺ 12-ന് ലാഹോറിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്തിയ ഫ്ലൈ ജിന്നാ 9P514 (FJL514) വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കുന്നതിനായി റൂട്ട് മാറ്റുന്നതിനിടെ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് പഞ്ചാബിന് മുകളിലൂടെ ഏതാനും നിമിഷങ്ങൾ പറന്നത്. കാലാവസ്ഥ അനുകൂലമായതോടെ വിമാനം വീണ്ടും പാകിസ്താൻ വ്യോമാതിർത്തിയിലേക്ക് മടങ്ങുകയായിരുന്നു. എയർ ഇന്ത്യ വിമാനത്തിൻ്റെ കാര്യത്തിൽ സംഭവിച്ചത് പോലെ ഈ വ്യോമാതിർത്തി ലംഘനവും യാതൊരു സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട വിഷമയല്ലെന്നും അധികൃതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Content Highlights: An Air India flight briefly entered Pakistan's airspace during a landing attempt, prompting authorities to launch an investigation into the incident. Read the latest updates and details.