

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായ 134 രേഖകൾ ഇഡിക്ക് കൈമാറി. ഈ രേഖകൾ കൈമാറാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നെങ്കിലും രേഖകൾ കൈമാാറാൻ കാലതാമസം നേരിടുകയായിരുന്നു. സിഎംആർഎല്ലുമായുള്ള കരാറുകൾ, വീണയുടെ വിശദമായ മൊഴി പകർപ്പ്, വീണയുടെ ഐടി റിട്ടേണിന്റെ രേഖകൾ അടക്കമാണ് ഇഡിക്ക് ലഭിച്ചത്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റ ഭാഗമായ 134 രേഖകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇഡി വീണ്ടും വീണയെ ചോദ്യം ചെയ്യുക. ജൂൺ 29നാണ് ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാൻ ഇഡി വീണയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിഎംആർഎൽ-എസ്കാലോജിക് കേസിൽ ജൂൺ 17നായിരുന്നു വീണാ ടി നേരത്തെ ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായത്. കൊച്ചിയിലെ ഇ ഡി ആസ്ഥാനത്ത് 9 മണിക്കൂറായിരുന്നു വീണയുടെ ചോദ്യം ചെയ്യൽ നീണ്ടത്. ഇ ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ ഉൾപ്പടെ വിശദാംശങ്ങൾ വീണയോട് ഇ ഡി ചോദിച്ചറിഞ്ഞിരുന്നു. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരിക്കുന്നത്. കൈപ്പറ്റിയ പണം വിനിയോഗിച്ചതെങ്ങനെ?, സ്വത്തുക്കൾ വാങ്ങിയോ?, നിക്ഷേപങ്ങൾ നടത്തിയോ?, എംപവർ ഇന്ത്യ സ്ഥാപനത്തിൽ നിന്നും 50 ലക്ഷം വായ്പ എടുത്തത് ഏത് സാഹചര്യത്തിലാണ്?, എത്ര തുക തിരിച്ചടച്ചു? ഈ പണം എന്തിനുവേണ്ടി ഉപയോഗിച്ചു?, ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിക്കാൻ ഉണ്ടായ സാഹചര്യം എന്താണ്?, ഇല്ലാത്ത സേവനത്തിന് വൻ തുക കൈപ്പറ്റിയെന്ന എസ്എഫ്‌ഐഒ കണ്ടെത്തലിലെ പ്രതികരണം, വൻ തുക ലഭിക്കാൻ സിഎംആർഎല്ലുമായുള്ള ബന്ധം, മരവിപ്പിച്ച എച്ചിഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിന് പുറമേ എത്ര അക്കൗണ്ടുകൾ ഉണ്ട്, അബുദാബിയിൽ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇഡി വീണയിൽ നിന്ന് ചോദിച്ചറിഞ്ഞത്.
ചോദ്യം ചെയ്യലിന് പിന്നാലെ വീണ ടിയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കർ ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധിച്ചിരുന്നു. നേരത്തെ ഈ അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാംവട്ടം ചോദ്യം ചെയ്യലിനായി ജൂൺ 29ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണയ്ക്ക് സമൻസ് അയച്ചിരുന്നു.
നേരത്തെ സിഎംആർഎൽ എം ഡി ശരൺ എസ് കർത്തയെയും ജയ എസ് കർത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവർ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ. ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആർഎൽ ഡയറക്ടറായ ഷിബി, സിഎംആർഎല്ലുമായി ബന്ധമുള്ള നിപുണ ഇന്റർനാഷണൽസിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടികയിൽ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽ.
വീണയ്ക്ക് നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളാൽ എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയിൽ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്രയും സാവകാശം നൽകാതെ ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് ജൂൺ 17ന് വീണയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
Content Highlights: The SFIO has transferred 134 documents related to its charge sheet in the CMRL-Exalogic financial transactions case to the Enforcement Directorate (ED), strengthening the ongoing investigation into the alleged financial irregularities.