അയോധ്യ സംഭാവന തട്ടിപ്പ്; വെള്ളിക്കട്ടി അടക്കം സംഭാവന ചെയ്തവര്‍ SITക്ക് മുന്നിലേക്ക്

അതേസമയം ചമ്പത് റായ് യെ തള്ളി വിഎച്ച്പി രംഗത്തെത്തി

അയോധ്യ സംഭാവന തട്ടിപ്പ്; വെള്ളിക്കട്ടി അടക്കം സംഭാവന ചെയ്തവര്‍ SITക്ക് മുന്നിലേക്ക്
dot image

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പില്‍ സംഭാവനകള്‍ നല്‍കിയവരുടെ വിശദമായ മൊഴിയെടുക്കാന്‍ എസ്‌ഐടി. കാണാതായ 60 കിലോ വെള്ളിക്കട്ടി സംഭാവന നല്‍കിയ ഇന്ത്യന്‍ ബുള്യന്‍ ആന്റ് ജൂവലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനുരാഗ് രസ്‌തോഗിയുടെ മൊഴി ആദ്യം രേഖപ്പെടുത്തും. ഇദ്ദേഹത്തിന് പിന്നാലെ മുംബൈയിലെ വ്യവസായി അനില്‍ വിശ്വകര്‍മ്മയുടെയും മൊഴിയെടുക്കും. മൂന്ന് കിലോ വെള്ളി ഹാരവും, പാദുകങ്ങളും വഴിപാടായി സമര്‍പ്പിച്ച അനിലിന് രസീത് നല്‍കിയിരുന്നില്ല.

ഏഴ് കോടിയോളം രൂപയുടെ സംഭാവനകള്‍ മോഷണം പോയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ഷേത്രത്തിലെ മുന്‍കാല ജീവനക്കാരനായ മഹിപാല്‍ സിങ്ങിന്റെ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പൊതുജന ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന് ലഭിക്കുന്ന സംഭാവനകള്‍ ക്ഷേത്ര ഭണ്ഡാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ സംഘം ചേര്‍ന്ന് കൊള്ള നടത്തുന്നുവെന്നും സിങ് ആരോപിച്ചിരുന്നു.

ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജൂവലേള്‌സ് അസോസിയേഷന്‍ നോര്‍ത്ത് ഇന്ത്യ തലവനായ അനുരാഗ് രസ്‌തോഗി 2020 ഓഗസ്റ്റ് അഞ്ചിന് ഭൂമി പൂജ നടക്കുന്നതിന് മുമ്പാണ് സംഭാവന നല്‍കിയത്. 39.26 കിലോഗ്രാം വെള്ളിയാണ് അസോസിയേഷന്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഭൂമി പൂജയ്ക്ക് ഇവയൊന്നും എവിടെയും കണ്ടില്ലെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിന്റെ വകയായി പേര് വെളിപ്പെടുത്താതെ മറ്റൊരു മൂന്നു കിലോ വെള്ളിയുടെ വിളക്കും സമര്‍പ്പിച്ചതായി അദ്ദേഹം പറയുന്നു. പ്രാണ്‍ പ്രതിഷ്ഠ ചടങ്ങിലും ഇവയൊന്നും കാണാതിരുന്നിട്ടും ക്ഷേത്ര ട്രസ്റ്റിലുള്ള വിശ്വാസത്തിന്റെ പേരിലാണ് അന്വേഷിക്കാതിരുന്നതെന്നാണ് രസ്‌തോഗി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭാവന നടത്തിയ രസീതുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. 60 കിലോഗ്രാം വെള്ളി ക്ഷേത്രത്തിനായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

സംഭാവന നല്‍കിയ മറ്റൊരു ഭക്തന്‍ മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരന്‍ അനില്‍ വിശ്വകര്‍മയാണ്. 2025ലാണ് അദ്ദേഹം മൂന്ന് കിലോഗ്രാം തൂക്കമുള്ള വെള്ളി മാലയും വെള്ളി പാദുകവും നല്‍കിയത്. എന്നാല്‍ ഇതിന് അനിലിന് രസീത് ലഭിച്ചിട്ടുമില്ല.

അതേസമയം ചമ്പത് റായ് യെ തള്ളി വിഎച്ച്പി രംഗത്തെത്തി. ട്രസ്റ്റിലെ ആര് കുറ്റം ചെയ്താലും ആ വ്യക്തി ശിക്ഷിക്കപ്പെടണമെന്ന് ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയിന്‍ പറഞ്ഞു. ക്ഷേത്ര ട്രസ്റ്റോ, അനുബന്ധ പ്രസ്ഥാനങ്ങളോ ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ സുപ്രീംകോടതി ഉടന്‍ ഇടപെടണമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജിക്കാര്‍.

Content Highlights: As part of the alleged Ayodhya donation scam investigation, donors including individuals who contributed silver bricks appeared before the SIT.

dot image
To advertise here,contact us
dot image