

ന്യൂഡല്‍ഹി: കോക്രാച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചതില്‍ പരാതി കേള്‍ക്കാന്‍ കേന്ദ്രം. പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദീപ്‌കേയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഐടി മന്ത്രാലയം. ഡല്‍ഹിയിലെ ഇലക്ട്രോണിക്‌സ് നികേതനില്‍ ഇന്ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മെയ് 21നാണ് സിജെപിയുടെ ആദ്യ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചത്. ഇതേതുടർന്ന് അഭിജീത്ത് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
ജൂണ്‍ 24ന് ഉച്ചയോടെ ഹാജരാകാനാണ് നിർദേശം. ജന്തര്‍ മന്ദറിന് സമീപത്തുള്ള പ്രതിഷേധ വേദി ഒഴിപ്പിക്കാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കത്തിനിടെ ഉണ്ടായ പുതിയ നടപടിയാണ് ഇതെന്നാണ് സിജെപി വൃത്തങ്ങള്‍ ആരോപിക്കുന്നത്. പ്രതിഷേധ വേദിയിലേക്ക് കുടിവെള്ളവും ഭക്ഷണവും എത്തുന്നതില്‍ കാലതാമസമുണ്ടെന്നും ശുചിമുറികളില്‍ വെള്ളം ഇല്ലാത്ത ബുദ്ധിമുട്ടുകളുമുണ്ടെന്നും ദീപ്‌കേ മുമ്പ് പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ദീപ്‌കേയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ചിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് “Diaper A Day Keeps Leaks Away” എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. ഡയപ്പറില്‍ മന്ത്രിയുടെ രാജി ആവശ്യം എഴുതി നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സിജെപി. പ്രതിഷേധങ്ങൾക്ക് ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിജീത്ത് ദീപ്‌കേ കത്തയച്ചിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് അഭിജീത്ത് പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടിരുന്നു, പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില്‍ അഭിജീത്ത് പരാമര്‍ശിച്ചിരുന്നു.
Content Highlights: The IT Ministry has summoned Abhijeet Dipke after the CJP's X account was restricted. The development has sparked discussion over actions taken on the social media platform