അഭിഷേക് മകനെ പോലെ, മകന്റെ തെറ്റ് ക്ഷമിക്കേണ്ടതാണ് അച്ഛന്റെ കടമ'; നിലപാട് മയപ്പെടുത്തി കല്യാണ്‍ ബാനര്‍ജി

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസില്‍ ലയിക്കുമെന്ന അഭ്യൂഹം കല്യാണ്‍ ബാനര്‍ജി തള്ളി

അഭിഷേക് മകനെ പോലെ, മകന്റെ തെറ്റ് ക്ഷമിക്കേണ്ടതാണ് അച്ഛന്റെ കടമ'; നിലപാട് മയപ്പെടുത്തി കല്യാണ്‍ ബാനര്‍ജി
dot image

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് എതിരെയുള്ള നിലപാട് മയപ്പെടുത്തി മുതിര്‍ന്ന നേതാവും എംപിയുമായ കല്യാണ്‍ ബാനര്‍ജി. അഭിഷേക് തനിക്ക് മകനെ പോലെയാണെന്നും മകന്റെ തെറ്റുകള്‍ ക്ഷമിക്കുക എന്നത് ഒരു പിതാവിന്റെ കടമയാണെന്നും ബാനര്‍ജി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രതികാരബുദ്ധിയുള്ള വ്യക്തിയാണെന്നും പ്രതിപക്ഷത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബാനർജി ആരോപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഉണ്ടായ പ്രതിസന്ധികള്‍ രൂക്ഷമായി തന്നെ തുടരുന്നതിന് ഇടയിലാണ് ബാനര്‍ജിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ അഭിഷേക് ബാനര്‍ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ അദ്ദേഹം നിസാരവത്കരിച്ചു.

അഭിഷേക് മകനെ പോലെയാണ്. മക്കള്‍ തെറ്റ് ചെയ്താല്‍ അച്ഛന്‍ പൊറുക്കും. നിലവില്‍ രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുകയാണ്. പ്രതിപക്ഷത്തെ മുഴുവനായി തുടച്ചുനീക്കുന്ന ഒരു സാഹചര്യം മുമ്പ് പശ്ചിമബംഗാളില്‍ ഉണ്ടായിട്ടില്ല. ഈ മുഖ്യമന്ത്രി പ്രതികാരബുദ്ധിയുള്ള ആളാണ്. ഇത് ജനാധിപത്യത്തിന് അപകടമാണ്'.- കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസില്‍ ലയിക്കുമെന്ന അഭ്യൂഹം കല്യാണ്‍ ബാനര്‍ജി തള്ളി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പ്രതിപക്ഷ നിരയിലുള്ള പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് തൃണമൂല്‍ എംഎല്‍എമാരുടെ വ്യാജ ഒപ്പ് ചമച്ച കേസില്‍ അഭിഷേകിന് വേണ്ടി വാദിക്കാനിരുന്ന തന്നെ അവസാന നിമിഷം മാറ്റിയെന്ന് അറിഞ്ഞതില്‍ രൂക്ഷമായി കല്യാണ്‍ ബാനര്‍ജി പ്രതികരിച്ചത്.

അഭിഷേകിനെയാണോ അതോ തങ്ങളെയാണോ വേണ്ടതെന്ന് മമത ബാനര്‍ജി തീരുമാനിക്കണമെന്ന അന്ത്യശാസനം കല്യാണ്‍ ബാനര്‍ജി മുന്നോട്ടുവച്ചിരുന്നു. അഭിഷേകിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണെന്ന് പറഞ്ഞ കല്യാൺ ബാനര്‍ജി അഭിഷേക് അഹങ്കാരിയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Kalyan Banerjee has struck a conciliatory tone regarding Abhishek Banerjee. He stated that he considers Abhishek “like a son.”

dot image
To advertise here,contact us
dot image