'ഒരാൾ ഓടി വന്ന് രക്ഷിക്കണമെന്ന് പറഞ്ഞു'; ചേരാനെല്ലൂരിൽ ഇതര സംസ്ഥാനക്കാരെ തടങ്കലിൽ പാർപ്പിച്ചതിൽ ദൃക്സാക്ഷി

അയല്‍വാസികള്‍ സംശയിക്കാതിരിക്കാന്‍ പ്രതികള്‍ സൗഹൃദപരമായി ഇടപെട്ടെന്നും ദൃക്‌സാക്ഷി

'ഒരാൾ ഓടി വന്ന് രക്ഷിക്കണമെന്ന് പറഞ്ഞു'; ചേരാനെല്ലൂരിൽ ഇതര സംസ്ഥാനക്കാരെ തടങ്കലിൽ പാർപ്പിച്ചതിൽ ദൃക്സാക്ഷി
dot image

കൊച്ചി: ചേരാനെല്ലൂരില്‍ ഇതര സംസ്ഥാനക്കാരെ തടങ്കലില്‍ പാര്‍പ്പിച്ച് പണം തട്ടിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ഒരാള്‍ ആദ്യം ഓടി വന്ന് രക്ഷിക്കണമെന്ന് പറയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഒരാള്‍ നിലവിളിച്ച് അടുത്തേക്ക് വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

ഏഴ് പേരെയും വാടക വീട്ടില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും അവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് ഓടി വന്നയാള്‍ പറഞ്ഞെന്നും ദൃക്‌സാക്ഷി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'ഏഴുപേരെയും വാടകവീട്ടില്‍ കെട്ടിയിട്ടു. ആറ് ദിവസത്തോളം തടങ്കലില്‍ പാര്‍പ്പിച്ചു. അയല്‍വാസികള്‍ സംശയിക്കാതിരിക്കാന്‍ പ്രതികള്‍ സൗഹൃദപരമായി ഇടപെട്ടു', അദ്ദേഹം പറഞ്ഞു.

ഏഴ് ഇതര സംസ്ഥാനക്കാരെയാണ് ചേരാനെല്ലൂരില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ കെട്ടിയിട്ട് ഭീഷണിപ്പെടുത്തിയത്. തട്ടിപ്പ് സംഘം പുറത്തുപോയ തക്കത്തിലാണ് ഒരാള്‍ രക്ഷപ്പെട്ട് വീടിന് വെളിയിലേക്ക് ഓടിയത്. പിന്നാലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇവരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുള്‍ റഹീമാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തില്‍ മലയാളിയുണ്ടെന്നും സംശയമുണ്ട്.

ഇരകള്‍ രക്ഷപ്പെട്ടത് അറിഞ്ഞ് മറ്റ് പ്രതികള്‍ പൊലീസ് എത്തും മുമ്പ് പണവും മറ്റ് സാധനങ്ങളുമായി മുങ്ങി. അവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. റഹീമിന്റെ പക്കല്‍ നിന്ന് തടവിലാക്കപ്പെട്ടവരുടെ ഫോണുകളും പാസ്‌പോര്‍ട്ടും ഒരു ലക്ഷത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ ഇവരില്‍ നിന്ന് പ്രതികള്‍ കൈപ്പറ്റി.

എന്നാല്‍ വിസ നല്‍കാതെ വാടകവീട്ടില്‍ കൊണ്ടുവന്ന് തടങ്കലിലാക്കുകയായിരുന്നു. ഇവരുടെ കുടുംബത്തിന് സംശയം തോന്നാതിരിക്കാന്‍ സെറ്റിട്ട് കാനഡയിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വീഡിയോ കോള്‍ ചെയ്യുമായിരുന്നു. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് തടങ്കലിലാക്കിയത്.

Content Highlights: Fresh details have emerged in the Cheranelloor migrant detention and extortion case after an eyewitness came forward with significant revelations

dot image
To advertise here,contact us
dot image