'രാഹുൽ ഗാന്ധി പിണറായി വിജയനെ ആലിംഗനം ചെയ്യണമെന്ന് പറയില്ല, വിമർശിക്കുമ്പോൾ പാലിക്കേണ്ട മര്യാദയുണ്ട്'; MA ബേബി

'കേരളത്തില്‍ സിപിഐഎം - ബിജെപി ഡീല്‍ ആരോപണം എന്ന് പറയുന്നത് അസംബന്ധം എന്നേ പറയാന്‍ കഴിയൂ'

'രാഹുൽ ഗാന്ധി പിണറായി വിജയനെ ആലിംഗനം ചെയ്യണമെന്ന് പറയില്ല, വിമർശിക്കുമ്പോൾ പാലിക്കേണ്ട മര്യാദയുണ്ട്'; MA ബേബി
dot image

ന്യൂഡല്‍ഹി: രാഷ്ട്രീയ വ്യത്യാസങ്ങള്‍ മുന്‍നിര്‍ത്തി പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ കഴിയില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. രാഹുല്‍ ഗാന്ധി പിണറായി വിജയനെ ആലിംഗനം ചെയ്യണമെന്ന താന്‍ പറയില്ലെന്നും അത് സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്യേണ്ടതെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. ഇൻഡ്യ ബ്ലോക്ക് നേതാക്കള്‍ പരസ്പരം മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോള്‍ പാലിക്കേണ്ട ചില മര്യാദയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആലിംഗനം ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മോദിയെ രാഹുല്‍ ആലിംഗനം ചെയ്യുന്ന ദൃശ്യമാണ് തന്റെ ഓര്‍മ്മയിലേക്ക് ആദ്യം വന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സിപിഐഎം - ബിജെപി ഡീല്‍ ആരോപണം എന്ന് പറയുന്നത് അസംബന്ധം എന്നേ പറയാന്‍ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഎ ബേബിയുടെ വാക്കുകള്‍:

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്യുന്ന കാര്‍ട്ടൂണ്‍ പ്രധാനപ്പെട്ട ഒരു പത്രത്തില്‍ ഇന്ന് കണ്ടു. രാഷ്ട്രീയ വിയോജിപ്പ് മൂലം പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മോദിയെ രാഹുല്‍ ആലിംഗനം ചെയ്യുന്ന ദൃശ്യമാണ് എന്റെ ഓര്‍മ്മയിലേക്ക് ആദ്യം വന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് താന്‍ കത്തയച്ചിരുന്നു. സംസ്ഥാനങ്ങളിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പലപ്പോഴും ഇന്‍ഡ്യ ബ്ലോക്കിലെ പാര്‍ട്ടികള്‍ പരസ്പരം എതിരിടേണ്ടി വരുമെന്ന് കത്തില്‍ പറഞ്ഞിരുന്നു. ചില സംസ്ഥാനങ്ങളിലെ ഒഴിവാക്കാനാകാത്ത രാഷ്ട്രീയ സാഹചര്യത്തില്‍ വിമര്‍ശനം നടത്തുമ്പോള്‍ പാലിക്കേണ്ട ഒരു രാഷ്ട്രീയ മര്യാദയും അന്തസും പാലിച്ച് വേണം അഖിലേന്ത്യ തലത്തിലുള്ളവര്‍ പ്രതികരിക്കാന്‍. കേരളത്തില്‍ ആര്‍എസ്എസിനെയും ബിജെപിയും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടാന്‍ സിപിഐഎമ്മിനോളം പൊരുതിയിട്ടുള്ള പാര്‍ട്ടിയില്ല. അവിടെ സിപിഐഎം - ബിജെപി ഡീല്‍ ആരോപണം എന്ന് പറയുന്നത് അസംബന്ധം എന്നേ പറയാന്‍ കഴിയു. അത്തരം വിമര്‍ശനങ്ങള്‍ സംസ്ഥാന നേതാക്കള്‍ക്ക് വിട്ടുകൊടുക്കുകയും അഖിലേന്ത്യ തലത്തിലെ നേതാക്കളായ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ഗൗരവമുള്ളതും കെട്ടിച്ചമയ്ക്കാത്തതുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ ആലിംഗനം ചെയ്യുക എന്നത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണ്. രാഹുല്‍ പിണറായിയെ ആലിംഗനം ചെയ്യണമെന്ന് ഞാന്‍ പറയില്ല. ഇന്ത്യ ബ്ലോക്ക് നേതാക്കള്‍ പരസ്പരം മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ വിമര്‍ശനം നടത്തുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. പിണറായി വിജയനെ എന്തുകൊണ്ട് ഇഡി റെയ്ഡ് ചെയ്യുന്നില്ല എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായിരുന്നപ്പോള്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ ആക്ഷേപം ഉന്നയിച്ചതും കോണ്‍ഗ്രസാണ്. ഇഡിയുടേത് അസംബന്ധ കുറ്റപത്രങ്ങള്‍ ആണെന്ന് കോടതികള്‍ വരെ പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ഡ്യ ബ്ലോക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് സിപിഐഎമ്മിന്റെ തീരുമാനമെന്നും എംഎ ബേബി വ്യക്തമാക്കി.

ഇന്ത്യ യോഗത്തില്‍ ഡിഎംകെയുമായുള്ള രാഹുല്‍ഗാന്ധിയുടെ സമീപനത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഡിഎംകെയുടെ കൂടെ നിന്ന് രാജ്യസഭാസീറ്റും നിയമസഭ സീറ്റും കോണ്‍ഗ്രസ് നേടി. ഡിഎംകെയുടെ വാത്സല്യവും പരിചരണവും ആവോളം നേടിയ ശേഷമാണ് കോണ്‍ഗ്രസ് അവരെ അറിയിക്കാതെ വിജയ്‌ക്കൊപ്പം പോയത്.സിപിഐഎം ഡിഎംകെയുമായി ആലോചിച്ചാണ് തമിഴ്‌നാട്ടില്‍ വിജയിക്ക് പിന്തുണ നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തോട് കാട്ടിയ ആര്‍ത്തി ജനാധിപത്യത്തിന് സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: M A Baby commented on Rahul Gandhi's criticism of Pinarayi Vijayan. The CPI(M) leader said political criticism should be conducted with decorum and respect.

dot image
To advertise here,contact us
dot image