

ഭോപ്പാല്‍: മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതോടെ എതിരാളികളില്ലാതെയാണ് മൂന്ന് സീറ്റുകളിലും ബിജെപി വിജയിച്ചത്. രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവത് എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികൾ വിജയിച്ചതായി പ്രഖ്യാപിച്ചത്. ഇവര്‍ തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റി.
രാജ്യസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നാടകീയ സംഭവങ്ങളാണ് മധ്യപ്രദേശില്‍ അരങ്ങേറിയത്. മൂന്ന് രാജ്യസഭാ സീറ്റുകളുള്ള മധ്യപ്രദേശില്‍ അംഗബലം അനുസരിച്ച് ബിജെപിക്ക് രണ്ട് സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ സൂഷ്മ പരിശോധനയ്ക്കിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു.
ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ വിവരങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി വെള്ളിയാഴ്ച വരെ മാറ്റിവെച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാന്‍ സഹായകമായിരുന്നു.
പത്രിക തള്ളിയതില്‍ 10 അംഗ കോണ്‍ഗ്രസ് സംഘം ബുധനാഴ്ച ഡല്‍ഹിയില്‍ എത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ഫലം അനുകൂലമായിരുന്നില്ല. പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഹൈദരാബാദിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉള്ള കേസ് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് കാണിച്ചായിരുന്നു മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്.
Content Highlights: BJP has won all three Rajya Sabha seats in Madhya Pradesh. The party won all three seats unopposed while the Congress' challenge over Meenakshi Natarajan's rejected nomination