'വട്ടിയൂർക്കാവിൽ കെ മുരളീധരന് വേണ്ടി സുഗതൻ പ്രവർത്തിച്ചു; പൊലീസ് നടപടിയെ മന്ത്രി എതിര്‍ത്തത് നന്ദി സൂചകമായി'

'നല്ല ഒന്നാന്തരം ഗുണ്ടാ പ്രവര്‍ത്തനം നടത്തിയ ആളാണ് സുഗതന്‍. കെ മുരളീധരന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്'

'വട്ടിയൂർക്കാവിൽ കെ മുരളീധരന് വേണ്ടി സുഗതൻ പ്രവർത്തിച്ചു; പൊലീസ് നടപടിയെ മന്ത്രി എതിര്‍ത്തത് നന്ദി സൂചകമായി'
dot image

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ വിജയത്തിന് വേണ്ടി ബിജെപി നേതാവായ കാപ്പാ കേസ് പ്രതി സുഗതന്‍ പ്രവര്‍ത്തിച്ചുവെന്ന് എ എ റഹീം എംപി. അതിന്റെ നന്ദിസൂചകമായാണ് പൊലീസ് നടപടിയെ എതിര്‍ത്ത് കെ മുരളീധരന്‍ സംസാരിച്ചത്. വട്ടിയൂര്‍ക്കാവ് ബിജെപിക്ക് വോട്ട് കുറഞ്ഞ മണ്ഡലമാണെന്നും എ എ റഹീം ചൂണ്ടിക്കാട്ടി.

സുഗതനെതിരെ പതിനൊന്ന് കേസുകളുണ്ട്. രാഷ്ട്രീയമായി സമരം ചെയ്തതിന്റെ പേരിലുള്ള കേസുകളല്ല അയാള്‍ക്കെതിരെയുള്ളത്. എന്താണ് സുഗതന്റെ ബാക്ക്ഗ്രൗണ്ടെന്ന് റഹീം ചോദിച്ചു. രാഷ്ട്രീയ കേസുകള്‍ക്ക് കാപ്പ ചുമത്താറില്ല. നല്ല ഒന്നാന്തരം ഗുണ്ടാ പ്രവര്‍ത്തനം നടത്തിയ ആളാണ് സുഗതന്‍. കെ മുരളീധരന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഗുണ്ടാ സംഘത്തെ പരസ്യമായി ബിജെപി പിന്തുണയ്ക്കുകയാണ്. രണ്ട് ദിവസമായി മേയര്‍ മുതല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ സുഗതന് വേണ്ടി മുറവിളി കൂട്ടുന്നു. തിരുവനന്തപുരത്തെ മാഫിയവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എ എ റഹീം ചൂണ്ടിക്കാട്ടി.

സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ പൊലീസ് നടപടിയെ കെ മുരളീധരന്‍ തള്ളിപ്പറഞ്ഞിരുന്നു. അനാവശ്യ ടെന്‍ഷനാണ് പൊലീസ് സൃഷ്ടിച്ചതെന്നും വെടിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. പ്രശ്‌നങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യണമെന്നാണ് സ്ഥലം എംഎല്‍എ എന്ന നിലയില്‍ തന്റെ ആഗ്രഹം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് വെടിയുടെ ശക്തം മുഴങ്ങാന്‍ തുടങ്ങിയത്. വലിയ ശബ്ദം നിര്‍ത്തേണ്ട സമയമായെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

Also Read:

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. വധശ്രമക്കേസില്‍ സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതോടെയായിരുന്നു പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. ഹൈക്കോടതി ഉത്തരവുമായി എത്തി സുഗതനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വീട് വളഞ്ഞ് അതിസാഹസികമായായിരുന്നു സുഗതനെ പൊലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി സുഗതന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് മര്‍ദ്ദിച്ചെന്നും മുഖത്തടിച്ചെന്നും നടുവില്‍ ചവിട്ടിയെന്നുമായിരുന്നു സുഗതന്റെ ഭാര്യ അശ്വതിയുടെ ആരോപണം. കഴുത്തില്‍ കിടന്ന മാല പൊലീസ് വലിച്ച് പൊട്ടിച്ചെന്നും കുട്ടികള്‍ നോക്കിനില്‍ക്കെ വെടിയുതിര്‍ത്തെന്നും അശ്വതി പറഞ്ഞിരുന്നു. എന്നാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തതെന്നുമായിരുന്നു പൊലീസ് വാദം. അറസ്റ്റിനിടെ പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. ഇതേ സമയം തന്നെ പൊലീസ് മര്‍ദ്ദിച്ചെന്ന് പറഞ്ഞ് സുഗതന്റെ ഭാര്യയും ആശുപത്രിയില്‍ ചികിത്സതേടി.

പൊലീസിനെ ആക്രമിച്ചതില്‍ സുഗതനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലും സുഗതന്‍ തന്നെയാണ് ഒന്നാം പ്രതി. സഹോദരന്‍ സന്ദീപാണ് രണ്ടം പ്രതി. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സുഗതന്റെ അറസ്റ്റില്‍ പ്രതികരിച്ച് വി വി രാജേഷ് നേരത്തേ രംഗത്തെത്തിയിരുന്നു. സിഐ വിപിനാണ് സംഭവത്തിന് പിന്നിലെന്നാണ് വി വി രാജേഷിന്റെ ആരോപണം. സിഐ വിപിന്‍ ക്രിമിനല്‍ മനസുള്ള വ്യക്തിയാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് നടപടി നേരിട്ടയാളാണെന്നും വി വി രാജേഷ് പറഞ്ഞിരുന്നു. സുഗതനെ കേസില്‍ മനഃപൂര്‍വം കുടുക്കാനാണ് ശ്രമമെന്നും വി വി രാജേഷ് പറഞ്ഞിരുന്നു.

Content Highlights- A.A. Rahim has alleged that R Sugathan worked for K. Muraleedharan during the Vattiyoorkavu election campaign

dot image
To advertise here,contact us
dot image