

ഫുട്‌ബോള്‍ ലോകകപ്പില്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ലോകകപ്പ് ടിക്കറ്റ് നിരക്കുകളുടെ വര്‍ധന, സോമാലിയന്‍ റഫറിക്ക് യുഎസ് വിസ നിഷേധിച്ച സംഭവം, ആരാധകരെ വിലക്കുന്ന സംഭവങ്ങള്‍ ഉള്‍പ്പടെയാണ് ഫിഫ പ്രസിഡന്റ് പരാമര്‍ശിക്കുന്നത്. യുഎസ്-ഇറാന്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും ഇറാനെ ലോകകപ്പില്‍ പങ്കെടുപ്പിക്കാനായത് ഫിഫയുടെ വിജയമാണെന്ന് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.
കുറഞ്ഞ വിലക്ക് ടിക്കറ്റ് വിറ്റാല്‍ അത് ബ്ലാക്ക് മാര്‍ക്കറ്റ് മാഫിയകള്‍ ചൂഷണം ചെയ്യും. ഉയര്‍ന്ന നിരക്കിലൂടെ ലഭിക്കുന്ന പണം ഫുട്‌ബോളിന്റെ വളര്‍ച്ചക്കാണ് ഉപയോഗിക്കുന്നതെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ കുറഞ്ഞ നിരക്ക് 140 ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 13,300 രൂപയോളം വരും ഇത്. ഫൈനല്‍ മത്സരത്തിന് റെഗുലര്‍ ടിക്കറ്റിന് 32,970 ഡോളര്‍ വരെ തുക ഉയരും. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സാധാരണക്കാര്‍ക്കായി 60 ഡോളറിന്റെ 1,30,000 ടിക്കറ്റുകള്‍ ഫെഡറേഷനുകള്‍ വഴി മാറ്റിവെച്ചിട്ടുണ്ടെന്നും ഫിഫ വ്യക്തമാക്കി. എന്നാല്‍, അമേരിക്കയിലെ പ്രമുഖ കായിക ടൂര്‍ണമെന്റുകളുമായി താരതമ്യപ്പെടുത്തിയാല്‍ ലോകകപ്പിന്റെ നിരക്ക് സ്വാഭാവികമാണെന്നാണ് ഇന്‍ഫാന്റിനോയുടെ വാദം.
അതേസമയം, സോമാലിയന്‍ റഫറി ഉമര്‍ അര്‍താനെ വിലക്കിയ സംഭവത്തില്‍ ഇന്‍ഫാന്റിനോ കാര്യമായ മറുപടി നല്‍കിയില്ല. ഞങ്ങള്‍ക്ക് എല്ലാ കാര്യങ്ങളിലും നിയന്ത്രണമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പെട്ടെന്ന് ബഹളം വെയ്ക്കുന്നത് പരിഹാരത്തിന് പകരമായി വിപരീത ഫലമാകും ഉണ്ടാക്കുക. ഫിഫ എല്ലാത്തിനും പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ സര്‍ക്കാരുകള്‍ക്കോ പൊലീസ് സേനകള്‍ക്കോ മുകളില്‍ ഭരണം നടത്തുന്ന ലോകത്തിന്റെ രാജാക്കന്മാരല്ല എന്ന യാഥാര്‍ത്ഥ്യം എല്ലാവരും മനസ്സിലാക്കണം. സുരക്ഷക്കാണ് ലോകത്ത് ഒന്നാം സ്ഥാനമെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.
content highlights: We have limitations, we do not have control over everything' - FIFA President