ഇന്ത്യയില്‍ ജനാധിപത്യം പരിതാപകരമായ നിലയില്‍, ഇപ്പോള്‍ നടക്കുന്നത് 'സീറ്റ് ചോരി': കെ സി വേണുഗോപാല്‍

ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ശബ്ദമായി കോണ്‍ഗ്രസ് മാറുമെന്നും എല്ലാ നേതാക്കന്മാരും പ്രവര്‍ത്തകരും ഇനി തെരുവിലായിരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു

ഇന്ത്യയില്‍ ജനാധിപത്യം പരിതാപകരമായ നിലയില്‍, ഇപ്പോള്‍ നടക്കുന്നത് 'സീറ്റ് ചോരി': കെ സി വേണുഗോപാല്‍
dot image

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജാര്‍ഖണ്ഡില്‍ കൃത്യമായി പേര് പോലും രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളിക്കളഞ്ഞെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുന്നുണ്ടെന്നും നിയമപരമായും രാഷ്ട്രീയപരമായും പ്രശ്‌നം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വോട്ട് ചോരിയ്ക്ക് ശേഷം ഇപ്പോള്‍ നടക്കുന്നത് സീറ്റ് ചോരി ആണെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്തെ യുവാക്കള്‍ ആശങ്കയിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. വരുന്ന മൂന്ന് മാസം രാജ്യവ്യാപക പ്രതിഷേധങ്ങളുയരും. സംസ്ഥാന തലത്തിലും പ്രതിഷേധങ്ങളുണ്ടാകും. ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ശബ്ദമായി കോണ്‍ഗ്രസ് മാറും. എല്ലാ നേതാക്കന്മാരും പ്രവര്‍ത്തകരും ഇനി തെരുവിലായിരിക്കും. സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കണം': കെ സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് ലയനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് കിംവദന്തികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസുമായി ലയന ചര്‍ച്ച നടന്നിട്ടില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മധ്യപ്രദേശിലെ ബിജെപി മന്ത്രിമാരുടെ സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസിന്റെ പത്രിക തളളിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Democracy in India is in a deplorable state, what is happening now is 'seat theft': KC Venugopal

dot image
To advertise here,contact us
dot image