

തിരുവനന്തപുരം: സ്‌കൂള്‍ ഗ്രൗണ്ടുകള്‍ കൂടുതല്‍ സമയം തുറന്നിടുന്നത് പരിഗണനയിലാണെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. പൊതുസമൂഹത്തിന് കൂടി സ്‌കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കുമെന്നും സ്‌കൂള്‍ ഗ്രൗണ്ടുകള്‍ അടച്ചിട്ട ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതില്‍ കാര്യമില്ലെന്നും ഒ ജെ ജനീഷ് പറഞ്ഞു. കളിക്കളങ്ങളുടെ എണ്ണം കൂട്ടുമെന്നും എംഎല്‍എ- എംപി ഫണ്ടുകള്‍ ഉപയോഗിച്ച് കളിയിടങ്ങള്‍ നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'ഫുട്‌ബോളിനെ നെഞ്ചേറ്റിയ ജനതയാണ് കേരളത്തിലേത്. ഫുട്‌ബോളിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകര്‍ഷകരാകുന്ന സമയമാണ്. പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് മുന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എന്നാല്‍ 10 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. കളിക്കളങ്ങളുടെ എണ്ണം കൂട്ടും. അതിനായി എംഎല്‍എ- എംപി ഫണ്ടുകള്‍ ഉപയോഗിക്കും. നിലവിലുളള കളിയിടങ്ങള്‍ നവീകരിക്കും. എവിടെ നിന്നൊക്കെ പണം സമാഹരിക്കാനാകുമോ ആ തരത്തിലെല്ലാം കളിയിടങ്ങള്‍ ഒരുക്കും': മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു.
മെസിയും റൊണാള്‍ഡോയും ഗ്രൗണ്ടില്‍ നിന്ന് വിരമിച്ചാലും ആരാധകരുടെ മനസില്‍ നിന്ന് വിരമിക്കില്ലെന്നും വിരമിക്കല്‍ സാങ്കേതികം മാത്രമാണെന്നും ജനീഷ് പറഞ്ഞു. ഫാന്‍സ് ഫൈറ്റില്‍ നില്‍ക്കുന്ന സമയത്ത് തനിക്കിഷ്ടമുളള ടീമിനെക്കുറിച്ച് വെളിപ്പെടുത്തുന്നില്ലെന്നും എല്ലാവരും കായിക വകുപ്പിന്റെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകം കാത്തിരുന്ന 2026 ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ സൗത്ത് ആഫ്രിക്കയെ നേരിടും. അതേസമയം, മത്സരത്തിന് ഒന്നര മണിക്കൂർ മുൻപ് വിസ്മയകരമായ ഉദ്ഘാടന ചടങ്ങുകളും അരങ്ങേറും. പ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറയാണ് ഉദ്ഘാടന ചടങ്ങിലെ ഇന്നത്തെ മുഖ്യ ആകർഷണം. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഈ വർഷത്തെ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനവും ഷക്കീറ വേദിയിൽ അവതരിപ്പിക്കും.
ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയും മറഡോണയും ലോകകിരീടമുയർത്തിയ ചരിത്രപ്രസിദ്ധമായ മെക്സിക്കോയിലെ ആസ്ടെക് സ്റ്റേഡിയത്തിലാണ് ഈ വർഷത്തെ ഉദ്ഘാടന മത്സരം അരങ്ങേറുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തോടെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ഏറ്റവും കൂടുതൽ തവണ വേദിയാകുന്ന സ്റ്റേഡിയമെന്ന റെക്കോർഡും ആസ്ടെക് സ്റ്റേഡിയത്തിന് സ്വന്തമാകും.
Content Highlights: Keeping school grounds open for longer hours under consideration: OJ Janish