അഭിഷേകോ ഞങ്ങളോ? തുറന്നടിച്ച് കല്യാണ്‍ ബാനര്‍ജി, മമതയ്ക്ക് അന്ത്യശാസനം

അഭിഷേക് ബാനർജി അഹങ്കാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അഭിഷേകോ ഞങ്ങളോ? തുറന്നടിച്ച് കല്യാണ്‍ ബാനര്‍ജി, മമതയ്ക്ക് അന്ത്യശാസനം
dot image

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ട്ടി എംപിയുമായ അഭിഷേക് ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കല്യാണ്‍ ബാനര്‍ജി. അഭിഷേക് അല്ലെങ്കില്‍ ഞങ്ങള്‍ ആരെ വേണമെന്നതില്‍ മമത തീരുമാനമെടുക്കണമെന്നാണ് കല്യാണ്‍ ബാനര്‍ജി തുറന്നടിച്ചത്. വ്യാജ ഒപ്പ് ചമച്ച കേസില്‍ അഭിഷേകിനായി വാദിക്കാന്‍ തന്നെ ഏല്‍പ്പിക്കുകയും അവസാന നിമിഷം ഒഴിവാക്കുകയും ചെയ്‌തെന്ന് കല്യാണ്‍ ബാനര്‍ജി പറയുന്നു. അഭിഷേകിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണെന്ന് കല്യാണ്‍ ബാനര്‍ജി പറഞ്ഞു. അഭിഷേക് അഹങ്കാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മമത ദീദിക്ക് ഒപ്പമാണ് ഞാന്‍. പക്ഷേ അവര്‍ ഇപ്പോള്‍ തന്നെ ഒരു തീരുമാനം എടുക്കണം. ഇത് വളരെ അപമാനകരമാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് അഭിഭാഷകനെ മാറ്റിയ വിവരം അറിയുന്നത്. എങ്ങനെ മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് അയാള്‍ക്ക് അറിയില്ല. അഭിഷേക് ഒരിക്കലും എന്നില്‍ വിശ്വസിച്ചിട്ടില്ല, ഒരിക്കലും ചെയ്യുകയുമില്ല. ആരാണ് അയാള്‍, അഹങ്കാരിയായ മനുഷ്യന്‍, അദ്ദേഹത്തെ സംബന്ധിച്ച് പാര്‍ട്ടി തകര്‍ന്ന് കഴിഞ്ഞു'- കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

നിലവില്‍ ഡല്‍ഹിയില്‍ തന്നെ തുടരുന്ന അഭിഷേകിന് കൊല്‍ക്കത്ത ഹൈക്കോടതി അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. ഇന്ന് വൈകീട്ട് ആറു മണിക്ക് മുമ്പ് സിഐഡിക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ടിഎംസി എംഎല്‍എമാരുടെ വ്യാജ ഒപ്പ് ചമച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ തന്റെയും മമതയുടെയും വസതിയില്‍ സിഐഡി തെരച്ചില്‍ നടത്തുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നെന്നും അതിനെ ചോദ്യം ചെയ്തിരുന്നുവെന്നും കല്യാണ്‍ ബാനര്‍ജി അവകാശപ്പെടുന്നു. സിഐഡിയുടെ പരിശോധനയെ എതിര്‍ത്ത് പെറ്റീഷന്‍ നല്‍കിയത് താനാണ്. എന്നാല്‍ കേസില്‍ താന്‍ കോടതിയിലെത്താനിരിക്കേ കിഷോര്‍ ദത്തയാകും പ്രതിനിധീകരിക്കുക എന്ന് പിന്നീട് അറിയുകയാണ് ഉണ്ടായതെന്ന് കല്യാണ്‍ ബാനര്‍ജി പറയുന്നു. കേസിന്റെ വാദത്തിനായി തയ്യാറാകുമ്പോള്‍ മകന്‍ പറയുമ്പോഴാണ് തന്നെ ഒഴിവാക്കിയതായി അറിയുന്നതെന്നാണ് കല്യാണ്‍ ബാനര്‍ജി ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്.

Content Highlights: Kalyan Banerjee has reportedly issued a strong warning to Mamata Banerjee and criticised Abhishek Banerjee

dot image
To advertise here,contact us
dot image