

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൻ്റെ വിമതനേതാവ് ഋതബ്രത ബാനർജിയെ വിമർശിച്ച് സിപിഐഎം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. 'ഋത' എന്നാൽ കാലാവസ്ഥ അല്ലെങ്കിൽ സീസൺ എന്നാണെന്നും 'ഋതബ്രത ബാനർജി എല്ലാ ഋതുക്കൾക്കും അനുയോജ്യമായ ഒരു മനുഷ്യനാണ്' എന്നുമായിരുന്നു മുഹമ്മദ് സലീമൻ്റെ പ്രതികരണം. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് എല്ലാക്കാലത്തും അധികാരത്തിനൊപ്പം നിൽക്കുന്ന നേതാവാണ് ഋതബ്രത എന്ന് പരോക്ഷമായ കുറ്റപ്പെടുത്തൽ മുഹമ്മദ് സലീം നടത്തിയത്. യഥാർത്ഥ പ്രതിപക്ഷം ഇല്ലാത്തിടത്ത് എങ്ങനെയാണ് വിശ്വാസ്യതയുള്ള ഒരു പ്രതിപക്ഷ നേതാവ് ഉണ്ടാവുകയെന്നും മുഹമ്മദ് സലിം പ്രതികരിച്ചു.
തൃണമൂൽ കോൺഗ്രസിൻ്റെ തകർച്ച പ്രതീക്ഷിച്ചിരുന്നതാണെന്ന് ചോദ്യത്തിന് മറുപടിയായി മുഹമ്മദ് സലിം പ്രതികരിച്ചു. 'ഇത് പ്രതീക്ഷിച്ചതായിരുന്നു. വേനൽക്കാലത്ത് മഞ്ഞുരുകുന്നതിനേക്കാൾ വേഗത്തിൽ ഇത് ഉരുകുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു പ്രത്യയശാസ്ത്രമോ പരിപാടിയോ രാഷ്ട്രീയ ലക്ഷ്യമോ ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിക്കും അതിജീവിക്കാൻ കഴിയില്ല. ഇടതുപക്ഷത്തെ പരാജയപ്പെടുത്താനും ബിജെപിയെയും ആർഎസ്എസിനെയും സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് വഴിയൊരുക്കാനും സൃഷ്ടിച്ച ഒരു വേദിയാണിതെന്ന് തുടക്കം മുതൽ ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. അത് ചെയ്തുകഴിഞ്ഞാൽ അത് അതിന്റെ കാലാവധി കഴിഞ്ഞിരിക്കും' എന്നായിരുന്നു തൃണമൂലിൻ്റെ തകർച്ചയുമായി ബന്ധപ്പെട്ട് മുഹമ്മദ് സലിമിൻ്റെ പ്രതികരണം.
ബംഗാളിൽ ഇടതുപക്ഷം 2011ൽ പെട്ടെന്ന് തകർന്നതല്ലെന്ന് മുഹമ്മദ് സലിം ചൂണ്ടിക്കാണിച്ചു. 2016 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ തിരിച്ചുവരവ് സാധ്യമാകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആർഎസ്‌എസിന്റെ നിർദ്ദേശപ്രകാരം 2016ൽ 100 സീറ്റുകളിലേക്ക് വോട്ടുകൾ കൈമാറാൻ ഒരു അലിഖിത കരാർ ഉണ്ടായതിനെക്കുറിച്ച് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞത് ചൂണ്ടിക്കാണിച്ചായിരുന്നു മുഹമ്മദ് സലീമിൻ്റെ പ്രതികരണം. മമത മുഖ്യമന്ത്രിയായത് ആർഎസ്‌എസ് കാരണമാണെന്ന് അവർ ഓർമ്മിക്കണമെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാ ഭാരതി പറഞ്ഞതും മുഹമ്മദ് സലിം ചൂണ്ടിക്കാണിച്ചു.
ദേശീയ മാധ്യമങ്ങളും ഡൽഹിയിലെ വലിയ ലിബറൽ ബുദ്ധിജീവികളും 15 വർഷമായി മമതയുടെ സർക്കാരിന്റെയും പാർട്ടിയുടെയും പെരുമാറ്റം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും മുഹമ്മദ് സലിം കുറ്റപ്പെടുത്തി. അഴിമതി മാത്രമല്ല പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്ത് ജനാധിപത്യ ഇടത്തെ ഉന്മൂലനം ചെയ്യുന്നതും മമതയുടെ കാലത്തെ പ്രധാന വിഷയമായിരുന്നെന്ന് മുഹമ്മദ് സലിം ചൂണ്ടിക്കാണിച്ചു. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുക, പ്രതിപക്ഷത്തെ ആക്രമിക്കുക, വർഗീയ രാഷ്ട്രീയം കളിക്കുക തുടങ്ങിയവയും മമതയുടെ കാലത്തെ രീതികളായിരുന്നെന്നും സിപിഐഎം ബംഗാൾ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ടിഎംസി ക്യാമ്പിൽ നിന്ന് പഠിച്ചത് ഇതുതന്നെയാണെന്നും മുഹമ്മദ് സലിം കുറ്റപ്പെടുത്തി.
തൃണൂമൂൽ പാർട്ടിയിൽ നടക്കുന്ന ആഭ്യന്തര തർക്കങ്ങളെ ഭരണകക്ഷിയുടെ രക്ഷാകർതൃത്വത്തോടെ ഒരു ഒളിത്താവളം കണ്ടെത്തുന്നതിനായി നടക്കുന്ന അട്ടിമറി എന്നാണ് മുഹമ്മദ് സലിം വിശേഷിപ്പിച്ചത്. ബംഗാളിന്റെ സംസ്കാരത്തിലും രാഷ്ട്രീയത്തിലും ചരിത്രത്തിലും എല്ലാക്കാലത്തും ഒരു പ്രതിപക്ഷ ഇടമുണ്ടെന്ന് മുഹമ്മദ് സലിം ചൂണ്ടിക്കാണിച്ചു. 'ബംഗാളിൽ രണ്ട് തരം രാഷ്ട്രീയമുണ്ട്. കൊട്ടാരത്തിന്റേതും തെരുവുകളുടേതും. എന്നാൽ തെരുവ് രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതാണ്. ബുൾഡോസർ രാഷ്ട്രീയത്തെ എതിർക്കുന്നതിലും ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നതിലും ഇന്ധന വിലവർദ്ധനവിനെതിരെയും ഞങ്ങൾ ഇപ്പോൾ സമരത്തിലാണ്. മറുവശത്തുള്ള ആളുകൾ അവരുടെ സ്വകാര്യ നിയമവിരുദ്ധ സ്വത്തുക്കൾ സംരക്ഷിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. അതിനാൽ അവർക്ക് ഭരണകൂടത്തിൽ നിന്ന് കുറച്ച് പ്രതിരോധശേഷി ആവശ്യമായിരുന്നു, അത് അനുവദിച്ചിരിക്കുന്നു' എന്നായിരുന്നു പ്രതിപക്ഷ നേതൃസ്ഥനത്തേയ്ക്ക് അടക്കം നടന്ന തൃണൂലിലെ തർക്കങ്ങളെ ചൂണ്ടിക്കാണിച്ച് മുഹമ്മദ് സലിം പറഞ്ഞത്.
ബംഗാളിലെ സുവേന്ദു സർക്കാരിനെതിരെയും മുഹമ്മദ് സലിം രുക്ഷവിമർശനം ഉയർത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും കേന്ദ്ര സേനകളുടെയും നീതിന്യായ വ്യവസ്ഥയിലെ ഒരുവിഭാഗത്തിൻ്റെയും സഹായത്തോടെ ഡൽഹിയിൽ നിന്ന് സ്ഥാപിക്കപ്പെട്ട ബംഗാളിലെ സർക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും മുഹമ്മദ് സലിം കുറ്റപ്പെടുത്തി. ഓരോ തീരുമാനം എടുക്കുന്നതിനുമായി ഇവർ ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിക്ക് പോകുന്നതിനെ ബംഗാൾ അംഗീകരിക്കില്ലെന്നും മുഹമ്മദ് സലിം കുറ്റപ്പെടുത്തി. 1980കളിൽ ഉത്തർപ്രദേശ് ഭരിച്ചിരുന്ന എൻഡി തിവാരിയെ ഉദാഹരിച്ച് സുവേന്ദു അധികാരിയെ മുഹമ്മദ് സലിം വിമർശിച്ചു. സർക്കാരിൻ്റെ തീരുമാനങ്ങൾ എടുക്കാനായി ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേയ്ക്ക് നിരന്തരം യാത്ര ചെയ്തിരുന്ന എൻ ഡി തിവാരി ന്യൂ ഡൽഹി തിവാരി എന്നാണ് അറിയപ്പെട്ടിരുന്നത് എന്ന് ചൂണ്ടിക്കാണിച്ച മുഹമ്മദ് സലിം അത് കോൺഗ്രസിനെ സഹായിച്ചില്ലെന്നും അവർക്ക് ഉത്തർ പ്രദേശ് നഷ്ടമായെന്നും അനുസ്മരിച്ചു. സമാനമായ നിലയിൽ നാഗ്പൂരിൽ നിന്നും ഡൽഹിയിൽ നിന്നും നിരന്തരം പാഠം ഉൾക്കൊള്ളുന്ന സർക്കാരാണ് ബംഗാളിൽ ഭരിക്കുന്നതെന്നും മുഹമ്മദ് സലിം കുറ്റപ്പെടുത്തി. ആർഎസ്എസിൻ്റെ തീവ്രമായ അജണ്ട വേഗത്തിൽ നടപ്പിലാക്കാനാണ് സുവേന്ദു അധികാരിയുടെ സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും മുഹമ്മദ് സലിം കുറ്റപ്പെടുത്തി.
Content Highlights: Mohammed Salim alleged that CPI(M) had a realistic chance of returning to power in West Bengal in 2016, but a shift in RSS-backed votes altered the election outcome. Read the details of his remarks and their political implications.