

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തവണയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു ക്രുനാൽ പാണ്ഡ്യ. തന്‍റെ കുട്ടിക്കാലത്ത് താൻ കടന്നുവന്ന കഠിനമായ ജീവിതസാഹചര്യങ്ങളെക്കുറിച്ചും ക്രിക്കറ്റിലേക്ക് എത്തുന്നതിന് മുൻപ് ചെയ്ത പലതരത്തിലുള്ള ജോലികളെക്കുറിച്ചും ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ക്രുനാല്‍ തന്‍റെ പടിപടിയായുള്ള ഉയര്‍ച്ചയെക്കുറിച്ച് വിവരിച്ചത്.
'പാസ്‌പോർട്ട് ഏജന്‍റ്, കാർ ബ്രോക്കർ തുടങ്ങി നിരവധി ജോലികളാണ് ഞാന്‍ കൗമാരപ്രായത്തിൽ ചെയ്തിരുന്നത്. ജീവിതത്തിൽ കഠിനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ എനിക്കിഷ്ടമാണ്. ചെറുപ്പകാലം മുതൽ ഞാൻ അത്തരം സാഹചര്യങ്ങളിലൂടെ തന്നെയാണ് കടന്നുവന്നത്. എന്റെ അച്ഛൻ ഒരു പാസ്‌പോർട്ട് ഏജന്‍റ് ആയിരുന്നു. ബിസിനസിലും ജീവിതത്തിലും മാതാപിതാക്കൾ നേരിട്ട പ്രതിസന്ധികൾ ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ കണ്ടറിഞ്ഞിട്ടുണ്ട്. ജീവിതം എത്രത്തോളം കഠിനമാണെന്ന് ഞാൻ മനസ്സിലാക്കുന്നത് അങ്ങനെയാണ്. 14 - 15 വയസ്സായപ്പോഴേക്കും ഞാൻ സ്വയം ഒരു പാസ്‌പോർട്ട് ഏജന്‍റായി മാറി. തുടക്കത്തില്‍ ആളുകൾക്ക് റേഷൻ കാർഡ് ഉണ്ടാക്കിക്കൊടുക്കലായിരുന്നു എന്‍റെ ജോലി', ക്രുനാൽ പാണ്ഡ്യ തുറന്ന് പറഞ്ഞു.
കുട്ടികാലം മുതൽ നേരിട്ട കഷ്ട്ടാന്തകൾക്ക് എല്ലാം ഒടുവിൽ ഇന്ന് ഐപിഎൽ കരിയറിൽ നിന്ന് മാത്രം 75 കോടിയിലധികം രൂപയാണ് ക്രുനാൽ സമ്പാദിക്കുന്നത്. 2025-ലെ ഐപിഎല്ലിൻ മുന്നോടിയായി നടന്ന മെഗാ താരലേലത്തിൽ 5.75 കോടിക്കായിരുന്നു ക്രുനാല്‍ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിൽ എത്തിയത്. ശേഷം 2025 യിലും ഇപ്പോൾ 2026 യിലും ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടങ്ങളിൽ തുടർച്ചയായി മുത്തമിട്ടു.
Content highlight: Krunal Pandya opens up on struggles working as passport agent and car broker