

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കർണാടകയിൽ നിന്ന് വീണ്ടും രാജ്യസഭയിലേയ്ക്ക് മത്സരിക്കും. പവൻ ഖേര, മൺസൂർ അലിഖാൻ എന്നിവരും കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥികളാണ്. മധ്യപ്രദേശിൽ നിന്ന് മീനാക്ഷി നടരാജനും രാജസ്ഥാനിൽ നിന്ന് നീരജ് ദങ്കിയും തമിഴ്നാട്ടിൽ നിന്ന് പ്രവീൺ ചക്രവർത്തിയും ജാർഖണ്ഡിൽ നിന്ന് പ്രണവ് ഝാ എന്നിവരെയാണ് കോൺഗ്രസ് മത്സരിപ്പിക്കുക.
പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള 24 സീറ്റുകളിലേയ്ക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ അരുണാചൽ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂൺ 18നാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഒഡീഷയിലും ഓരോ സീറ്റിലേയ്ക്ക് ഉപതെരഞ്ഞെടുപ്പും ജൂൺ 18ന് നടക്കും. കണാടകയിലും ആന്ധ്രാപ്രദേശിലും ഗുജറാത്തിലും നാല് സീറ്റുകളിലേയ്ക്കും രാജസ്ഥാനിലും മധ്യപ്രദേശിലും മൂന്ന് സീറ്റുകളിലേയ്ക്കും ജാർഖണ്ഡിൽ രണ്ട് സീറ്റിലേയ്ക്കും അരുണാചൽ പ്രദേശ്, മിസോറാം, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങിൽ ഓരോ സീറ്റിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ്. നേമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ടാണ്.
നേരത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മത്സരിക്കുന്ന 11 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. അരുണാചൽ പ്രദേശിൽ നിന്ന് തായ് തഗാക്കി, ഗുജറാത്തിൽ നിന്ന് രാജുഭായ് ശുക്ല, മുകേഷ്ഭായ് രത്വ, മാൻസിംഗ് പർമർ, ജിതേന്ദ്ര മേഘ്ജിഭായ് കൻസാരിയ, മധ്യപ്രദേശിൽ നിന്ന് തരുൺ ചുഗ്, രജനീഷ് അഗർവാൾ, മണിപ്പൂരിൽ നിന്ന് ശാരദാ ദേവി, രാജസ്ഥാനിൽ നിന്ന് അൽക്ക ഗുർജർ, സതീഷ് പൂനിയ എന്നിവരെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിൽ നിന്ന് ദേബാശിഷ് സമന്തരായ്‌യെയാണ് ബിജെപി മത്സരിപ്പിക്കുന്നത്.
Content Highlights: The Congress party has announced its Rajya Sabha candidates, with Mallikarjun Kharge and Pawan Khera set to contest from Karnataka. The move is seen as a key step in the party's parliamentary strategy.