

കൊച്ചി: ബംഗാളിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഋതബ്രത ബാനർജിയെ വിമർശിച്ച് സിപിഐഎം നേതാവ് പി ശ്രീരാമകൃഷ്ണൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പി ശ്രീരാമകൃഷ്ണൻ്റെ വിമർശനം. നടപ്പിലോ ഇരിപ്പിലോ കമ്മ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാൾ തൃണമൂൽ കോൺഗ്രസ്സിലൂടെ നുഴഞ്ഞ് കേറി ബംഗാളിലെ പ്രതിപക്ഷ പ്രതിരോധത്തിൻറെ മുഖമായി മാറിയിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നാണ് പി ശ്രീരാമകൃഷ്ണൻ്റെ വിമർശനം. ഓരോ ജനതയ്ക്കും അവർക്ക് അർഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുകയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡൻ്റായിരിക്കെ ഋതബ്രത ബാനർജിയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം പങ്കുവെച്ചാണ് പി ശ്രീരാമകൃഷ്ണൻ്റെ വിമർശനം. 2007 ൽ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡൻറായി ഡൽഹിയിലേക്ക് മാറുമ്പോൾ പാർട്ടി ഒരുക്കിയ പരിമിതമായ താമസസ്ഥലത്ത് ഒരു കൊച്ചു മുറിയിൽ (അടുക്കള) താമസക്കാരനായി ചെന്നപ്പോൾ ഒപ്പം താമസിക്കേണ്ടിയിരുന്ന ഋതബ്രത ബാനർജിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമാണ് ശ്രീരാമകൃഷ്ണൻ തുറന്നെഴുതിയിരിക്കുന്ന്. ഒപ്പം താമസിക്കാനായി രാത്രി എത്തിയ ഋതബ്രത ബാനർജി മുറികണ്ടപ്പോൾ ഇതെന്താണ് സഖാവെ? ഇവിടെ എങ്ങനെ താമസിക്കും ഇതിലും നല്ലത് ഉറങ്ങാനായി ഒരു ശുചിമുറി തേടുന്നതാണ്. നമ്മൾ തെരുവ് യാചകരല്ല, എനിക്കിവിടെ കഴിയാനാവില്ലെന്ന് ക്ഷുഭിതനായി ഋതബ്രത പറഞ്ഞതായാണ് ശ്രീരാമകൃഷ്ണൻ വെളിപ്പെടുത്തുന്നത്. അന്ന് അവിടെ നിന്ന് ഇറങ്ങിപ്പോയ ഋതബ്രത പിന്നീട് അങ്ങോട്ട് മടങ്ങി വന്നിട്ടേയില്ലെന്നും ശ്രീരാമകൃഷ്ണൻ പറയുന്നു. ഒന്നാം യുപിഎ ഭരണത്തിൻ്റെ ആനുകൂല്യവും സ്വാധീനവും ഉപയോഗിച്ച് പിന്നീട് ഋതബ്രത പല സ്ഥലങ്ങളിലും ആഡംബര ജീവിതം ആസ്വദിച്ച് താമസിച്ചിരുന്നെന്നും ശ്രീരാമകൃഷ്ണൻ വെളിപ്പെടുത്തുന്നുണ്ട്. പിന്നീടൊരിക്കൽ കണ്ടപ്പോൾ താങ്കൾ ഇപ്പോഴും ആ പട്ടിക്കൂട്ടിൽ തന്നെയാണോ താമസിക്കുന്നത്? ഭയാനകം എന്നായിരുന്നു ഋതബ്രതയുടെ പ്രതികരണമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.
ഋതബ്രത ബാനർജി ബംഗാളിലെ പ്രതിപക്ഷ നേതാവ്.
2007 ൽ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡൻറായി ഡൽഹിയിലേക്ക് മാറുമ്പോൾ പാർട്ടി ഒരുക്കിയ പരിമിതമായ താമസസ്ഥലത്ത് ഒരു കൊച്ചു മുറിയിൽ (അടുക്കള) താമസക്കാരനായി ചെല്ലുമ്പോൾ അവിടെ എൻറെ കൂടെ താമസക്കാരനായി വരേണ്ടിയിരുന്നത് അന്നത്തെ എസ്.എഫ്.ഐ സെക്രട്ടറി ആയിരുന്ന ഈ ബാനർജി ആയിരുന്നു. അന്ന് എം.പി. ആയിരുന്ന രാജ്നാഥ് സിംഗിൻറെ ബംഗ്ലാവിൻറെ തൊട്ടടുത്തുള്ള 42, അശോക എന്ന ഞങ്ങളുടെ കൊച്ചുവീട്ടിൽ ഞങ്ങൾ ഉൾപ്പെടെ എട്ടോളം കുടുംബങ്ങൾ അടുക്കളയിലും വരാന്തകളിലുമായി കഴിഞ്ഞുകൂടി. എം.പി. മാർക്ക് ലഭിക്കുന്ന ബംഗ്ലാവുകളും സർവ്വൻറ് ക്വാർട്ടേഴ്സുകളും എല്ലാം പാർട്ടി ഏറ്റെടുത്ത് എ.കെ.ജി ഭവനിലെ ജീവനക്കാർക്കും വർഗ്ഗബഹുജന സംഘടനകളുടെ ഭാരവാഹി കൾക്കും വീതം വച്ചു നൽകുകയായിരുന്നു പതിവ്. ഏതാണ്ട് രാത്രി 9 മണി കഴിഞ്ഞപ്പോൾ എൻറെ സഹമുറിയനായി ബാനർജി വന്നു. മുറിയുടെ അവസ്ഥ കണ്ടപാടെ അവൻ ക്ഷുഭിതനായി. What is this comrade ? How can we stay here, better to search for a toilet for sleep. We are not street beggars I won’t stay here എന്നെല്ലാം വിളിച്ച് പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. പിന്നീട് ഒരിക്കലും അയാൾ അങ്ങോട്ട് വന്നതേയില്ല. ഒന്നാം യു.പി.എ ഭരണത്തിൻറെ ആനുകൂല്യവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം പല സ്ഥലങ്ങളിലായി ലക്ഷ്വറി ജീവിതം ആസ്വദിച്ച് താമസിച്ചു. അച്ചടക്കം ഇല്ലാത്ത, വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവൻ പിന്നീട് കാണുമ്പോൾ എല്ലാം എന്നെ പരിഹസിക്കുമായിരുന്നു. You are still staying in that kennel or dog house ? Horrible.നടപ്പിലോ ഇരിപ്പിലോ കമ്മ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാൾ തൃണമൂൽ കോൺഗ്രസ്സിലൂടെ നുഴഞ്ഞ് കേറി ബംഗാളിലെ പ്രതിപക്ഷ പ്രതിരോധത്തിൻറെ മുഖമായി മാറിയിരിക്കുന്നു. അത്ഭുതപ്പെടാനില്ല. ഓരോ ജനതയ്ക്കും അവർക്ക് അർഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുക.
Content Highlights: P Sreeramakrishnan criticizes Rithabrata’s lavish lifestyle, alleging that it reflects none of the principles associated with communist ideology. Read the full details and reactions.